പെട്ടിമുടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ അപകടത്തില്‍പ്പെട്ട പലരും മരിച്ചത് പിറ്റേദിവസം രാവിലെയെന്ന് ദൃക്‌സാക്ഷികള്‍. രാത്രി മുഴുവന്‍ ചെളിയിലാണ്ട് കിടന്ന പലരും രാവിലത്തെ കനത്ത മഴയില്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ അഭാവമാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതും ഇവരുടെ ജീവനെടുത്തതും.
ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈദ്യുതി മുടങ്ങി മൊബൈല്‍ ടവറുകള്‍ നിശ്ചലമായതിനാല്‍ വിവരം പുറത്തറിഞ്ഞില്ല. തൊട്ടടുത്ത ലയങ്ങളിലുള്ളവര്‍ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് പിറ്റേദിവസം രാവിലെ.
അപകടത്തിലുണ്ടായ മുറിവുകളിലൂടെ രക്തം വാര്‍ന്ന് പലരും മണിക്കൂറുകള്‍ കഴിഞ്ഞാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്. ഈ സമയമത്രയും ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കടുത്ത വേദനയിലും അവര്‍.