X
    Categories: MoreViews

വീണ്ടും ഇരുട്ടടി; തിങ്കളാഴ്ച മുതല്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പണമിടപാടുകള്‍ക്കായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ഓള്‍ കേരള പെട്രോള്‍ പമ്പ് ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം എന്ന നിരക്കിലാണ് ഡീലര്‍മാരില്‍നിന്ന് ബാങ്കുകള്‍ പണം ഈടാക്കുന്നത്. ഇത് ലാഭവിഹിതം കുറയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പമ്പുടമകളുടെ പ്രതിഷേധ നടപടി. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്‍ ഡീലര്‍മാരില്‍ നിന്ന് ഒരു ശതമാനം അധികനികുതി ഈടാക്കുമെന്ന ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നീ ബാങ്കുകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ബഹിഷ്‌കരിക്കുന്നുവെന്നാണ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച സൈ്വപിങ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം ബാങ്കുകള്‍ ശനിയാഴ്ചയാണ് പമ്പുടമകളെ അറിയിച്ചത്. രാജ്യത്താകെയുള്ള പെട്രോള്‍ പമ്പുകളില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ സൈ്വപിങ് മെഷീനുകളാണ്

ക്യാഷ്‌ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്ക് പെട്രോള്‍ പമ്പ് ഡീലര്‍മാരുടെ നീക്കം തിരിച്ചടിയാകും. നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ കാര്‍ഡ് സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ തീരുമാനം ഉപഭോക്താക്കള്‍ക്കും ദുരിതമാവും.

അതേസമയം ഉപഭോക്താവില്‍ നിന്ന് ഈയിനത്തില്‍ ബാങ്കുകള്‍ ഫീസൊന്നും ഈടാക്കുന്നില്ല. കൂടാതെ കാര്‍ഡ് വഴി പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഇളവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: