ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ ഇളവ് നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാം. 2000 രൂപവരെ എടിഎം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുത്ത 2,500 പെട്രോള്‍ പമ്പുകളിലാണ് ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടെ സൗകര്യമുള്ള പമ്പുകളിലാണ് ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, സിറ്റി ബാങ്ക്,ഐസിഐസി ബാങ്ക് എന്നീ ബാങ്കുകളുടെ സൈപ്പിങ്ങ് മെഷീനുകളുള്ള മറ്റ് 20,000 ഔട്ട്‌ലെറ്റുകളിലും പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭിച്ചു തുടങ്ങും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ എസ്ബിഎ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചു. ബാങ്കുകളിലേയും എടിഎമ്മുകളിലേയും തിരക്ക് കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2000ആയും കുറച്ചിട്ടുണ്ട്. നോട്ട് പ്രതിസന്ധി പത്ത് ദിവസം പിന്നിടുമ്പോഴും രാജ്യത്ത് അരക്ഷിതാവസ്ഥ പിടിമുറുക്കുകയാണ്.