X

പിടിവിട്ട് എണ്ണ വില; ഫോര്‍മുല കണ്ടെത്താനാകാതെ മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. എണ്ണ വില നാള്‍ക്കു നാള്‍ ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്‍ത്താനാകാതെ കേന്ദ്ര സര്‍ക്കാര്‍ നട്ടം തിരിയുകയാണ്. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയില്‍ 1.50 പൈസ കുറവ് വരുത്തി ഒരാഴ്ച പിന്നിടുമ്പോഴേക്കുമാണ് സമാനമായ രീതിയില്‍ എണ്ണ വില വീണ്ടും ഉയര്‍ന്നത്.

ഇതോടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും യോഗം ചേര്‍ന്നു. മോദിക്കു പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേ സമയം യോഗത്തില്‍ എണ്ണ വില നിയന്ത്രിക്കുന്നതിനായി പ്രത്യേകിച്ച് ഫോര്‍മുലകളൊന്നും തന്നെ ഉരുത്തിരിഞ്ഞിട്ടില്ലെന്നാണ് വിവരം.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണ വില കുതിച്ചുയരുന്നത് സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് ബി.ജെ.പി. എണ്ണക്കമ്പനികളോട് ഇനിയും സബ്‌സിഡി വെട്ടിക്കുറക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്നാണ് ഇന്നലത്തെ യോഗത്തിന്റെ തീരുമാനം. ഡീസലിന് തെലുങ്കാനയിലെ അദിലാബാദിലാണ് ഏറ്റവും കൂടിയ വില. ഇവിടെ ലിറ്ററിന് 82.88 രൂപയാണ് ഇന്നത്തെ വില.

മഹാരാഷ്ട്രയിലെ അമരാവതിയിലാണ് പെട്രോളിന് കൂടിയ വില. ലിറ്ററിന് 89.25 രൂപയാണ് വില. സംസ്ഥാനത്തും എണ്ണ വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 85.98 രൂപയും കോഴിക്കോട് 84.80 രൂപയും കൊച്ചിയില്‍ 84.55 രൂപയുമാണ്. ഡീസലിന് തിരുവനന്തപുരത്ത് 80.21 രൂപയും കോഴിക്കോട് 79.22 രൂപയും കൊച്ചിയില്‍ 78.95 രൂപയുമാണ് ഇന്നത്തെ വില.

chandrika: