X

പെട്രോളിയം കുംഭകോണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം കോടി രൂപ നേടിയെന്ന്‌ കോണ്‍ഗ്രസ്

മംഗളുരൂ: പെട്രോളിയം കുംഭകോണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം കോടി രൂപ നേടിയതായി കോണ്‍ഗ്രസ് ആരോപണം. മുന്‍ കേന്ദ്രമന്ത്രിമാരായ പ്രദീപ് ജയിന്‍, ദീപ ഡസ്മുന്‍ഷി, എ.ഐ.സി.സി മീഡിയ സെല്‍ തലവന്‍ ജയ്‌വീര്‍ ഷെര്‍ഗില്‍ എന്നിവര്‍ മംഗളൂലിലെ ഡിസിസി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്‍ അഴിമതി നടത്തിയതായുള്ള ഗുരുതരമായ ആരോപണം ഉയര്‍ത്തിയത്.

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവയിലൂടെ ലഭിച്ച ആയിരക്കണക്കിന് കോടി രൂപ എന്ത് ചെയ്തുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് റെഡ്ഡി സഹോദരന്‍മാരുടെ ക്യാമ്പില്‍ നിന്ന് ഏഴ് പേരാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റ് നല്‍കിയത്. കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണമുന്നയിക്കാന്‍ എന്ത് ധാര്‍മികതയാണ് ബിജെപിക്കുള്ളതെന്നും നേതാക്കള്‍ ചോദിച്ചു.

chandrika: