ദോഹ: നവംബറിലെ പെട്രോള്‍, ഡീസല്‍ വില ഊര്‍ജ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ പത്തു ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. നവംബര്‍ ഒന്നു മുതല്‍ പെട്രോള്‍ 91-ഒക്ടെയിന്‍ പ്രീമിയം ഗ്യാസോലിന്‍ ഒരു ലിറ്റിന് 1.35 റിയാലും സൂപ്പര്‍ 95-ഒക്ടെയിന്‍ ഗാസോലിന് 1.45 റിയാലുമാണ് വില. ഒക്്‌ടോബറില്‍ യഥാക്രമം 1.25റിയാലും 1.35 റിയാലും സെപ്തംബറില്‍ യഥാക്രമം 1.30, 1.40 റിയാല്‍ എന്നിങ്ങനെയായിരുന്നു വില.
അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസത്തെ ലിറ്ററിന് 1.40 റിയാല്‍ എന്ന അതേ വില അടുത്തമാസവും തുടരും. പെട്രോളിന് സെപ്തംബറിലും ഒക്്‌ടോബറിലും അഞ്ചുദിര്‍ഹം വീതം കുറഞ്ഞിരുന്നു. എന്നാല്‍ നവംബറില്‍ പത്തു ദിര്‍ഹമിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതിനു മുമ്പ് ഈ വര്‍ഷം ആഗസ്തിലായിരുന്നു പെട്രോള്‍ വില പ്രീമിയത്തിനും സൂപ്പറിനും യഥാക്രമം 1.35ഉം 1.45റിയാലും വിലയുണ്ടായിരുന്നത്. ഇപ്പോള്‍ വില ആഗസ്തിലെ അതേനിലയിലേക്ക് മടങ്ങിയെത്തി. ജനുവരിയിലാണ് ഖത്തറില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചത്. രാജ്യാന്തരതലത്തിലെ എണ്ണവിലയ്ക്കനുസരിച്ച് ഖത്തറിലും എല്ലാ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാന്‍ ഏപ്രിലില്‍ ഖത്തര്‍ തീരുമാനമെടുത്തിരുന്നു.
ഇതിന്റെ ഭാഗമായാണ് ഓരോ മാസവും എണ്ണ വില നിശ്ചയിക്കുന്നത്. അതേസമയം ഈ വര്‍ഷം മൂന്നാംപാദത്തില്‍ ഖത്തര്‍ ഫ്യുവലിന്റെ(വുഖൂദ്) ലാഭത്തില്‍ 30ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 850മില്യണ്‍ റിയാലാണ് കമ്പനിയുടെ ആകെ ലാഭം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ആകെ ലാഭം 960മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു. ഡിസംബറിനുള്ളില്‍ പത്തോളം പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ ലാഭത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വുഖൂദിന്റെ പ്രതീക്ഷ.