ന്യൂഡല്‍ഹി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തി പൊതുജനത്തെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ നിരക്കു പ്രകാരം പെട്രോളിന് ഇന്നലെ ലിറ്ററിന് 74.40 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 65.65 രൂപയും. സംസ്ഥാന നികുതി കൂടി ചേരുന്നതോടെ കേരളത്തില്‍ വില 78 രൂപയോളമാകും.
2017 ജൂണ്‍ മുതല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില നിര്‍ണയം ദിനേനയാക്കി മാറ്റിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പെട്രോള്‍, ഡീസല്‍ വിലയില്‍ 19 പൈസ വീതമാണ് ഇന്നലെ മാത്രം ഉയര്‍ത്തിയത്. ശനിയാഴ്ച പെട്രോളിന് 13 പൈസയും ഡീസലിന് 15 പൈസയും ലിറ്ററിന് ഉയര്‍ത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത ഇന്ധനത്തിന്റെ വില കൂടുതലാണെന്ന ന്യായം പറഞ്ഞാണ് ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിക്കുന്നത്. വില വര്‍ധനവിനെതുടര്‍ന്നുള്ള ദുരിതം ഒഴിവാക്കുന്നതിന് ഇതുവഴി ലഭിക്കുന്ന അധിക എക്‌സൈസ് തീരുവ ഒഴിവാക്കണമെന്ന ആവശ്യം പോലും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അംഗീകരിക്കുന്നുമില്ല.
2013 സെപ്തംബര്‍ 14നാണ് പെട്രോള്‍ വില ഇതിനു മുമ്പ് ഏറ്റവും കൂടിയ നിരക്കില്‍ എത്തിയത്. 76.06 രൂപ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ വര്‍ധന. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ താരതമ്യേന ഇപ്പോള്‍ വില കുറവാണെങ്കിലും മോദി സര്‍ക്കാര്‍ ജനത്തെ നിര്‍ബാധം കൊള്ളയടിക്കുകയാണ്. ഡീസല്‍ വിലയാവട്ടെ ഇന്നലെ രേഖപ്പെടുത്തിയ 65.65 രൂപ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്.
എണ്ണവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര എണ്ണ മന്ത്രാലയം ഈ വര്‍ഷം ആദ്യം തന്നെ ധനമന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഫെബ്രുവരി ഒന്നിലെ ബഡ്ജറ്റ് പ്രഖ്യാപനത്തിലോ, ഇതിനു ശേഷമോ ഒരു വിധ നികുതിയിളവും നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ഏറ്റവും കൂടിയ വിലക്ക് വില്‍ക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ധന വിലയിലെ വര്‍ധനവിനെ തുടര്‍ന്ന് ലഭിക്കുന്ന അധിക നികുതി വരുമാനം സംസ്ഥാന സര്‍ക്കാറുകള്‍ വേണ്ടെന്നു വെച്ചാലും ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍ ഇതിന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങള്‍ നികുതി കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നുണ്ടെങ്കിലും ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളില്‍ നാലെണ്ണം മാത്രമാണ് ഇതിന് തയ്യാറായത്. ഫലത്തില്‍ അധിക നികുതി ഭാരവും ജനം വഹിക്കേണ്ടി വരുന്നു.