കൊച്ചി: തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഓയില്‍
കോര്‍പറേഷന്‍ (ഐ.ഒ.സി) ഓഫീസിനു മുന്നില്‍ ബൈക്ക് കത്തിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. രാവിലെ പനമ്പള്ളി നഗറിലെ ഐ.ഒ.സിയക്ക് മുന്നിലായിരുന്നു സമരം തുടങ്ങിയത്. പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നതിനിടെ പ്രവര്‍ത്തകരില്‍ ഒരാള്‍ ബൈക്കിന് തീവെക്കുകയായിരുന്നു.
പെട്രോളിന് ലിറ്ററിന് ഇന്ന് 15 പൈസ ഉയര്‍ന്ന് 82.19 രൂപയായി. ഡീസലിന് 16 പൈസ ഉയര്‍ന്ന് ലിറ്ററിന് 74.80 രൂപയും. കൊച്ചിയില്‍ ലിറ്ററിന് 80.71 രൂപയായാണ് വില. ഡീസല്‍ ലിറ്ററിന് 73.35 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ ലിറ്ററിന് യഥാക്രമം 81.07, 73.70 രൂപയായി.
കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 19 ദിവസം രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. ഇന്ധന വിലവര്‍ധന തെരഞ്ഞെടുപ്പ് ഫലത്തില്‍ തിരിച്ചടി നല്‍കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടു അടുത്ത ദിവസം മുതല്‍ വിലവര്‍ധനയും തുടങ്ങി.