മുംബൈ: പെട്രോള്‍ വിലയിലെ കുതിപ്പ് തുടരുന്നു. മുംബൈയില്‍ ഇന്ന് ലിറ്ററിന് 10 പൈസ വര്‍ധിച്ച് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89.80 രൂപയായി ഉയര്‍ന്നു. 20 പൈസ കൂടി കൂടിയായാല്‍ മുംബൈ നഗരത്തില്‍ പെട്രോള്‍ വില 90ലെത്തും. മറ്റു പല നഗരങ്ങളിലും വില നേരത്തെ തന്നെ 90 കടന്നിരുന്നു.
ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 10 പൈസ വീതംകൂടി ഒരു ലിറ്റര്‍ പെട്രോളിന്റെ വില യഥാക്രമം 82.44 രൂപയും 84.27 രൂപയുമായി ഉയര്‍ന്നു. ചെന്നൈയില്‍ 11 പൈസ വര്‍ധിച്ച് 85.69 രൂപയാണ് ഇന്നലത്തെ പെട്രോള്‍ വില. അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത ഇന്ധനത്തിന്റെ വില വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില അടിക്കടി ഉയര്‍ത്തുന്നത്. വില വര്‍ധന നിയന്ത്രിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴും എണ്ണക്കമ്പനികള്‍ നിരക്കു വര്‍ധന നിര്‍ബാധം തുടരുകയാണ്.
സംസ്ഥാനത്തും പെട്രോള്‍ വില ഇന്ന് 10 പൈസ വര്‍ധിച്ചു. തിരുവനന്തപുരത്ത് 85.78 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊച്ചി 84.44, കണ്ണൂര്‍ 84.64, കോഴിക്കോട് 84.69, കോട്ടയം 84.74, ആലപ്പുഴ 84.76, തൃശൂര്‍ 84.90, മലപ്പുറം 84.99, പത്തനം തിട്ട 85.11, കാസര്‍ക്കോട് 85.23 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളില്‍ ഇന്നത്തെ പെട്രോള്‍ വില.