X

തടയിടാന്‍ ഭാരത് ബന്ദിനുമായില്ല; പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന

കോഴിക്കോട്: വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന. ഇന്ധനവിലക്കെതിരെ ഇന്നലെ നടന്ന ഭാരത് ബന്ദ് മുഖവിലക്കെടുക്കാത്ത രീതിയിലാണ് ഇന്നും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം ഭാരത് ബന്ദ് തുടരുന്നതിനിടെ ഇന്നലേയും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനയുണ്ടായിരുന്നു.

രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലേക്ക് കുതിച്ചു.

മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.12 രൂപ, ഡീസല്‍ 77.32 രൂപ. ഡല്‍ഹിയില്‍ പെട്രോള്‍ വില 80.77 രൂപ, ഡീസല്‍ വില 72.89 രൂപ.

chandrika: