ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ചാഞ്ചാട്ടം പ്രകടമാവാഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില നിയന്ത്രണാധീതമായി കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. പെട്രോളിന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ലിറ്ററിന് 74.08 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസല്‍ വില ലിറ്ററിന് ഡല്‍ഹിയില്‍ 65.31 രൂപയും മുംബൈയില്‍ 69.54 രൂപയുമാണ് രേഖപ്പെടുത്തിയത്.
അതിനിടെ എണ്ണവില വര്‍ദ്ധനവിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം രംഗത്തെത്തി. ‘സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും അറിയാം, പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന തോതിലെത്താന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയതാണെന്നായിരുന്നു, ചിദംബരത്തിന്റെ പ്രതികരണം.
കഴിഞ്ഞ നാലു വര്‍ഷം ബി ജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നത് ‘ഓയില്‍ ബൊണാന്‍സ’ കൊണ്ടായിരുന്നു. പെട്രോള്‍, ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയതിനെ കുറിച്ച് ഇപ്രകാരമായിരുന്നു മുന്‍ ധന മന്ത്രി പി ചിദംബരത്തിന്റെ ട്വീറ്റ്. ഓയില്‍ ബൊണാന്‍സ ഇല്ലായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ ‘ക്ലൂലെസ്സ്’ ആയേനെ, അദ്ദേഹം പരിഹസിക്കുന്നു. നികുതിയുടെ വിഹിതം ഉയര്‍ത്തി ഉപഭോക്താവിനെ പിഴിയുകയാണ് സര്‍ക്കാര്‍. 2014 ല്‍ ക്രൂഡ് വില ബാരലിന് 105 ഡോളായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടിയ വിലയാണ് പെട്രോളിനും ഡീസലിനും ഇപ്പോള്‍. 22 സംസ്ഥാനങ്ങളില്‍ ഭരിക്കുന്നു എന്നാണ് ബി ജെ പി പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ട് വരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം നികുതി കൂട്ടിയതാണ് വില വന്‍ തോതില്‍ ഉയരാന്‍ കാരണമെന്ന് കണക്കുകള്‍ നിരത്തി ചിദംബരം സ്ഥാപിക്കുന്നു. 2014 ഏപ്രിലില്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 9.48 രൂപ. 2016 ജനുവരിയില്‍ അത് 21.48 രൂപയാക്കി കൂട്ടി. അതുപോലെ 3.56 രൂപയായിരുന്ന ഡീസലിന്റെ ഡ്യൂട്ടി 17.33 രൂപയാക്കി കൂട്ടി. വില ക്രമാതീതമായി കൂടാന്‍ കാരണം ഇതാണ്. ഈ അധിക വരുമാനത്തിന്റെ പച്ചയിലാണ് കഴിഞ്ഞ നാല് വര്‍ഷം ബി ജെ പി ഭരണത്തില്‍ തിമിര്‍ത്തത്. വാറ്റ് കുറച്ചു സംസ്ഥാനങ്ങള്‍ വില കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെയും ചിദംബരം കണക്കിന് കളിയാക്കുന്നു. ആകെ നാലു സംസ്ഥാനങ്ങള്‍ മാത്രമാണ് നികുതി കുറച്ചത്. ബി ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്ര നിര്‍ദേശം അനുസരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഒറ്റയടിക്ക് വലിയ വര്‍ധനവ് നടപ്പിലാക്കരുതെന്ന് എണ്ണകമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ അഞ്ചു പൈസ, പത്തു പൈസ തോതിലാണ് വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 74.02 രൂപയാണ്. 2014 നവംബറിന് ശേഷമുള്ള കൂടിയ വിലയാണിത്.
സംസ്ഥാനത്തും എണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.04 രൂപയും കൊച്ചിയില്‍ 76.88 രൂപയും കോഴിക്കോട് 77.17 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡീസല്‍ വിലയിലും കാര്യമായ കുതിപ്പാണുള്ളത്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 70.86 പൈസയും കോഴിക്കോട് 70.07 രൂപയും കൊച്ചിയില്‍ 69.77 രൂപയുമാണ് ഇന്നലെ വില രേഖപ്പെടുത്തിയത്.