പെട്രോള്‍ പമ്പുകളില്‍ പകല്‍ കൊള്ള. ലിറ്ററിന് നാല് രൂപ അധികം വാങ്ങുന്നതിനായി പ്രീമിയം ബ്രാന്‍ഡ് പെട്രോള്‍ മാത്രമാണ് പമ്പുകളില്‍ നല്‍കുന്നത്. പമ്പുടമകളല്ല ഇത് ചെയ്യുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന മൂന്ന് ഓയില്‍ കമ്പനികളും ചേര്‍ന്നാണ് ഈ കൂട്ടുകച്ചവടം നടത്തുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഓരോ ദിവസവും നിശ്ചയിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സാധാരണക്കാരായ ഉപഭോക്താക്കളെ പല രീതിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അധികമായി ഈടാക്കുകയാണ്.
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഇക്കാര്യത്തില്‍ നിസഹായത പ്രകടിപ്പിക്കുകയാണ്. ഡീലര്‍മാരെ കൊണ്ട് നിര്‍ബന്ധിച്ചാണ് ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ മാത്രം വിറ്റഴിക്കാന്‍ വേണ്ടി നല്‍കുന്നതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി ശിവനന്ദനും, സെക്രട്ടറി എം. രാധാകൃഷ്ണനും പറഞ്ഞു. ബ്രാന്‍ഡ് പെട്രോള്‍, പെട്രോളിയം ഡീലേഴ്‌സ് എടുക്കാതെ പെട്രോളിയം ഉല്‍പന്നങ്ങള്‍, ഡീലര്‍മാര്‍ക്ക് നല്‍കുന്നില്ല. പെട്രോളിന്റെ വില കൂടിയിരിക്കുന്ന ഈ സമയത്തില്‍ നിര്‍ബന്ധിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍, ഡീലേഴ്‌സിനെ കൊണ്ട് എടുപ്പിക്കുന്നത് എണ്ണ കമ്പനികളുടെ ഒരു വിപണന തന്ത്രം കൂടിയാണ്. ദൈനംദിന കച്ചവടത്തില്‍ ഒരു ശതമാനം പോലും വിറ്റഴിക്കാന്‍ പറ്റാത്ത പ്രീമിയം ഉല്‍പന്നങ്ങള്‍ ഡീലര്‍മാരുടെ തലയില്‍ കെട്ടിവച്ച് വിറ്റഴിക്കുന്നതിന് പമ്പ് ഉടമകളെ നിര്‍ബന്ധിതരാക്കുകയാണ്. പൊതു ജനങ്ങളോട് കാണിക്കുന്ന എണ്ണ കമ്പനികളുടെ ഈ വഞ്ചന പൊതുജനം തിരിച്ചറിയണം. ഒരു നിശ്ചിത അളവില്‍ ദിവസവും പ്രീമിയം ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുക എന്നത് വളരെയധികം വിഷമതകള്‍ ഡീലര്‍ സമൂഹത്തിന് നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ നിലവിലുള്ള തന്ത്രങ്ങള്‍ ഡീലര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
വര്‍ഷങ്ങളായി എണ്ണ കമ്പനികള്‍ നല്‍കുന്ന പെട്രോളും ഡീസലും വിറ്റഴിക്കുന്നതു മൂലം ഭീമമായ ബാഷ്പീകരണ നഷ്ടവും വ്യതിയാന നഷ്ടവും നേരിടുന്നതുമൂലം വാങ്ങുന്ന ഉല്‍പന്നത്തിന്റെ ഒരു ശതമാനത്തോളം വില്‍ക്കുവാന്‍ പറ്റാതെ ഡീലര്‍ സമൂഹം വിഷമതകള്‍ നേരിടുന്നു. കൃത്യമായ അളവില്‍ ഉല്‍പന്നങ്ങള്‍ പമ്പുകളില്‍ എത്തിച്ചുതരേണ്ട മൂന്നു ഓയില്‍ കമ്പനികളും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. കിട്ടുന്ന ഉല്‍പ്പന്നം കുറവാണ് എന്നു പരാതി പറഞ്ഞാല്‍ ആ പമ്പിലേക്ക് ലോഡ് നല്‍കാതിരിക്കുക, പമ്പുകളെ മറ്റു ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകയാണ്. പത്ത് മുതല്‍ ഇരുപത് വരെ ലിറ്റര്‍ മാത്രം പ്രീമിയം ബ്രാന്‍ഡ് ഉല്‍പന്നം കച്ചവടം നടക്കുമ്പോള്‍ നാലായിരം ലിറ്റര്‍ ഉല്‍പന്നം എടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് എടുത്തെങ്കില്‍ മാത്രമേ ഓര്‍ഡിനറി പെട്രോള്‍ ലഭ്യമാവൂ.