ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തി അധിക വരുമാനം നേടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. വില കുത്തനെ ഉയര്‍ന്നതോടെ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ കുറവു വന്നതാണ് തിരിച്ചടിയായത്. ഏപ്രില്‍ ആദ്യ പകുതിയില്‍ രാജ്യത്തൊട്ടാകെ പെട്രോളിന്റെ വില്‍പ്പനയില്‍ 10 ശതമാനവും ഡീസലിന്റെ വില്‍പ്പനയില്‍ 15.6 ശതമാനവുമാണ് കുറവു വന്നത്.
തൊട്ടു മുമ്പത്തെ മാസം ഇതേ കാലയളവിലെ(മാര്‍ച്ച് 1 – 15) വില്‍പ്പനയെ അടിസ്ഥാനപ്പെടുത്തിയാണ് നടപ്പു മാസത്തെ ഉപഭോഗത്തിലെ കുറവ് കണക്കാക്കിയത്. കോവിഡ് കാലത്തു പോലും ഉപഭോഗം കുതിച്ചുയര്‍ന്ന എല്‍.പി.ജിക്കും വില വര്‍ധന തിരിച്ചടിയായി.
എല്‍.പി.ജി ഉപഭോഗത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 15 വര 1.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ആറു വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 10 രൂപക്കു മുകളിലാണ് രാജ്യത്ത് വര്‍ധനയുണ്ടായത്. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജിക്ക് 50 രൂപയും വ്യവസായികാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 250 രൂപയും ഇക്കാലയളവില്‍ വര്‍ധിപ്പിച്ചു.