X

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി; ഈ മാസം 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി ഇന്ന് പരിഗണിക്കും.ഭരണഘടനാ തലവനായ രാഷ്ട്രപതിയെ ചടങ്ങിലേക്ക് വിളിക്കാത്ത ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാനും രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാനും ലോക്‌സഭാ സെക്രട്ടറിയേറ്റിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഭിഭാഷകനായ സി.ആര്‍ ജയ്‌സുകിന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഭരണഘനയുടെ 79ാം അനുഛേദം അനുസരിച്ച് രാഷ്ട്രപതിയാണ് ഇന്ത്യയുടെ രാഷ്ട്രതലവന്‍. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാനും പിരിച്ചുവിടാനുമുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ആരംഭിക്കുന്നത് രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്തുകൊണ്ടാണ്. ഇത്തരത്തില്‍ പാര്‍ലമെന്റിന്റെ സര്‍വാധികാരിയായ രാഷ്ട്രപതിയെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരിക്കുന്നത് ഭരണഘടനാ നിരാസവും പ്രഥമ പൗരന്റെ ഓഫീസിനോടു കാണിക്കുന്ന കടുത്ത അവഗണനയുമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നിയമ യുദ്ധത്തിലേക്കും കടക്കുന്നത്.

പൊതുപരിപാടിയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരുമിച്ചു വന്നാല്‍ പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയാണ് ഉദ്ഘാടകയാവേണ്ടത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഗോത്രവര്‍ഗക്കാരില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയായിട്ടും ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാതിരുന്നത്, മോദിക്ക് ഉദ്ഘാടനം ചെയ്യാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഹംഭാവത്തിന്റെ ഇഷ്ടികകള്‍ കൊണ്ടല്ല, ഭരണഘടനയുടെ മൂല്യങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

 

webdesk11: