ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ കൂട്ടക്കൊല ചെയ്ത കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജാമ്യത്തിലിറങ്ങിയിരിക്കുന്ന ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. യുപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച്ച അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കര്‍ഷകരെ വാഹനമോടിച്ച് കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഒക്ടോബര്‍ 9 നായിരുന്നു ആശിഷ് മിശ്ര അറസ്റ്റിലായത്.