കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 235എഫ് വകുപ്പ് പ്രകാരം പഞ്ചായത്ത് പരിധിയിലെ ടവർ നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി വേണം എന്നിരിക്കെ പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ടവർ നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്നും പഞ്ചായത്തിനെ അറിയിച്ചാൽ മാത്രം മതി എന്ന തരത്തിൽ ഭേദഗതി വരുത്തി.
ഇതുമൂലം ടവർ നിർമ്മാണത്തിൽ പഞ്ചായത്തിന്റെ അധികാരം പൂർണമായും എടുത്തുകളയപ്പെട്ടു . ആതവനാട് നെല്ലിതടകുന്നിലെ ഇൻഡസ് ടവേഴ്സിൻ്റെ മൊബൈൽ ടവർ നിർമാണത്തിന് എതിരെ ആതവനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ജാസർ കെ പി, പ്രദേശ വാസികളായ മുഹമ്മദ് റാഫി, അബ്ദുൽ റഷീദ് എന്നിവർ നൽകിയ ഹരജിയിലാണ് കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളുടെ ഭേദഗതിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.
മാതൃ നിയമങ്ങൾക്ക് വിരുദ്ധമായി വരുന്ന ചട്ടങ്ങൾ നിലനിൽക്കില്ല എന്ന ഇന്ത്യൻ എകസ്പ്രസ്സ് ന്യുസ് പേപ്പർ ബോംബെ പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതി വിധിയുടെ കണ്ടെത്തൽ. ഈ കേസിൽ ബാധകമാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. പി എ മുഹമ്മദ് ഷാ, അഡ്വ. ചെൽസൻ ചെമ്പരത്തി എന്നിവർ വാദിച്ചു. കേസിൽ സർക്കാരിന് നോട്ടീസ് ഉത്തരവായി. ഡിസംബർ പതിനെട്ടിന് മുൻപായി എതിർ സത്യവാങ്മൂലം ബോധിപ്പിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കേസ് തുടർ വാദത്തിനായി ഡിസംബർ പതിനെട്ടിലേക്ക് മാറ്റി.