X

കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹരജി; കോടതി നോട്ടീസ് അയച്ചു

നാമനിര്‍ദ്ദേശ പത്രിക കാരണമില്ലാതെ തെറ്റായി നിരസിച്ചു എന്ന് ചൂണ്ടിക്കാട്ടി മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയുടെ ഹര്‍ജിയില്‍ കങ്കണ റണാവത്തിന് ഹിമാചല്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍, മാണ്ഡി) തെറ്റായി നിരസിച്ചതാണെന്നാണ് ഹര്‍ജിക്കാരനായ ലായക് റാം നേഗിയുടെ വാദം.

മുൻ സർക്കാർ ജീവനക്കാരനും കിന്നൗർ സ്വദേശിയുമായ നേഗി താൻ സർവീസിൽനിന്ന് സ്വമേധയാ വിരമിച്ചെന്ന് വ്യക്തമാക്കി ജോലി ചെയ്ത വകുപ്പിൽനിന്ന് കുടിശ്ശികയില്ല എന്ന സർട്ടിഫിക്കറ്റ് നാമനിർദേശപത്രികക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാൽ വൈദ്യുതി, വെള്ളം, ടെലിഫോൺ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശികയില്ല സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട വരണാധികാരി പത്രിക നിരസിച്ചെന്നും നേഗി ആരോപിക്കുന്നു.

മാണ്ഡിയില്‍ നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഈ ഹർജി പരിഗണിക്കവെയാണ് കങ്കണ റണാവത്തിന് നോട്ടീസ് അയയ്ക്കാൻ ബുധനാഴ്ച കോടതി നിർദ്ദേശിച്ചത്. ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്ന റേവാള്‍ കങ്കണ റണാവത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

webdesk14: