ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും ആക്ഷേപിക്കുന്നു എന്നാരോപിച്ച് രാധാകൃഷ്ണന്‍ എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് പിന്‍വലിച്ച മീശ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഡി.സി ബുക്‌സ് തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.സി ബുക്‌സിനെതിരെയും സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ഒരു അധ്യായത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംസാരം ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ ഹരീഷിനെതിരെ രംഗത്ത് വന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ശക്തമായതോടെ നോവന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഹരീഷ് പ്രഖ്യാപിക്കുകയായിരുന്നു.