ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചതിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരനായ അഭിഭാഷകന്‍ അശോക് പാണ്ഡെക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
നിയമത്തെ അപമാനിക്കുന്നതിനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും രാഹുലിന്റെ എം.പി സ്ഥാനം പുനസ്ഥാപിച്ചത് ഹര്‍ജിക്കാരന്റെ മൗലികാവകാശത്തെ ഹനിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന് സൂറത്ത് വിചാരണ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടേറിയേറ്റ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് നാലിന് സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് എം.പി സ്ഥാനം പുനസ്ഥാപിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ വെച്ച് രാഹുല്‍ നടത്തിയ മോദി പരാമര്‍ശത്തിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേശ് മോദിയാണ് കോടതിയെ സമീപിച്ചത്.