ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യാതൊരു തെളിവുമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് അഹമ്മദാബാദ് മെട്രൊ പൊളിറ്റന്‍ കോടതി ശരിവെച്ചിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് സകിയ ജഫ്രി നല്‍കിയ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. എസ്.ഐ.ടി റിപ്പോര്‍ട്ട് ശരിവെച്ച കോടതി മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. നരേന്ദ്ര മോദി ഉള്‍പ്പെടെ 58 പേര്‍ക്കെതിരെ കേസില്‍ തെളിവില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2002ല്‍ ഗോദ്രയില്‍ തീവണ്ടിയിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലയില്‍ 69 പേരാണ് കൊല്ലപ്പെട്ടത്.
കൊലചെയ്യപ്പെട്ട 69 പേരില്‍ ഒരാളായിരുന്നു സകിയ ജഫ്രിയുടെ ഭര്‍ത്താവും മുന്‍ എംപിയുമായിരുന്ന ഇഹ്‌സാന്‍ ജഫ്രി. മോദിയും, മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പെട്ട ഗൂഢാലോചനയാണ് കലാപത്തിന് പിന്നിലെന്ന ജഫ്രിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുളള സംഘത്തെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നരേന്ദ്രമോദിക്കെതിരെ പരാമര്‍ശങ്ങളില്ലായിരുന്നു.