X

സിനിമ നിരോധിക്കണം; കമലാ സുരയ്യയുടെ ആമിക്കെതിരെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ കമല്‍ സംവിധാനം ചെയ്യുന്ന ആമിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ കെ.പി രാമചന്ദ്രന്‍. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താവിതരണ മന്ത്രാലയം, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു..

കേസ് എതിര്‍ കക്ഷികളായ സംവിധയകന്‍ കമല്‍, നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ക്കും നോട്ടീസ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിച്ചിരിക്കുകയാണ്. ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണെന്നും സിനിമയുടെ പേരില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ബ്ലൂ പ്രിന്റും കോടതി പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും അതുവരെ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് ഉയര്‍ന്നുവന്ന ആവശ്യം.

ചിത്രത്തില്‍ ആമിയായി അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് ബോളിവുഡ് നടി വിദ്യബാലനെയായിരുന്നു. എന്നാല്‍ വിദ്യയുടെ പിന്‍മാറ്റവും മഞ്ജുവാര്യറുടെ കടന്നുവരവും ചിത്രത്തെ കൂടുതല്‍ വിവാദങ്ങളിലേക്കെത്തിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി റിലീസ് ആവാനിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി.

chandrika: