X

വളര്‍ത്തുനായയെ ചെരുപ്പെറിഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദ്ദനം; ഹൈക്കോടതി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവര്‍ വിനോദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വീട്ടിലെ വളര്‍ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളായ അശ്വിനി ഗോള്‍ക്കര്‍, കുശാല്‍ ഗുപ്ത, ഉത്കര്‍ഷ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ 4 പേരും തപാല്‍ വകുപ്പിലെ ജീവനക്കാരാണ്.

മാര്‍ച്ച് 25ന് രാത്രി വിനോദിന്റെ വളര്‍ത്തുനായ ഗേറ്റിനകത്ത് നിന്ന് കുരച്ചപ്പോള്‍ അതുവഴി നടന്നുപോയ പ്രതികള്‍ ചെരുപ്പുകൊണ്ട് എറിഞ്ഞു. ഇത് ചോദ്യം ചെയ്തതിനാണ് നാലംഗസംഘം വിനോദിനെ ക്രൂരമായി ആക്രമിച്ചത്.

കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെട്ട് വിനോദ് ബോധരഹിതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. പ്രതികള്‍ നാലുപേരും റിമാന്‍ഡിലാണ്.

webdesk13: