X
    Categories: keralaNews

കുപ്പിയില്‍ പെട്രോള്‍ നല്‍കരുത് : പമ്പുടമകള്‍ക്ക് നോട്ടീസ്

കൊച്ചി: കുപ്പിയില്‍ പെട്രോള്‍ നല്‍കരുതെന്ന് നിയമം കര്‍ക്കശമാക്കി പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ). ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാരുഖ് സെയ്ഫി കൃത്യം നടപ്പാക്കാന്‍ പെട്രോള്‍ കൈവശം വച്ചിരുന്നതായി കണ്ടെത്തിനായ സാഹചര്യത്തിലാണിത്. സംസ്ഥാനത്തെമ്പാടുമുള്ള പമ്പുടമകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പെസോ നോട്ടീസ് നല്‍കി. കുപ്പിയില്‍ പെട്രോള്‍ നല്‍കിയെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. പെസോയ്ക്ക് പുറമേ ഓയില്‍ കമ്പനികളും പൊലീസും പമ്പുടമകള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളിലേക്ക് എല്‍.പി.ജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് ടാക്‌സി വാഹനങ്ങളിലോ കൊണ്ടുപോകാന്‍ അനുവദിക്കില്ല. പകരം ഇതിനായി അനുമതിയുള്ള വാഹനങ്ങളിലെ സിലിണ്ടറുകള്‍ കൊണ്ടുപോകാനാകൂ. യാത്രക്കാരുമായി പോകുന്ന ബസുകള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറക്കുന്ന രീതീക്കും പെസോ വിലക്കുണ്ട്. യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കൂ. കൊച്ചിയില്‍ യുവതി നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമമുണ്ടായതോടെയാണ് പെസോ കുപ്പിയില്‍ പെട്രോള്‍ നല്‍കരുതെന്ന നിര്‍ദേശം ആദ്യമായി പുറത്തിറക്കിയത്. അതേസമയം ഇന്ധനം തീര്‍ന്ന് വഴിയില്‍ കുടുങ്ങുന്ന യാത്രക്കാരന് പെട്രോള്‍ പമ്പില്‍ ഉപയോഗിക്കുന്ന അലുമിനിയം സിലിണ്ടര്‍ സമാനമായ കാനില്‍ പെട്രോള്‍ നല്‍കാന്‍ അനുമതിയുണ്ട്. എന്നാല്‍ 500 രൂപ കെട്ടിവയ്ക്കണം. ഒരു ലിറ്റര്‍ മാത്രമേ ലഭിക്കുകയുള്ളൂ.

Chandrika Web: