തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ മൊഴി പുറത്ത്. കൊലപാതക കാരണം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് പ്രതികൾ മൊഴി നൽകി.
കൊല്ലപ്പെട്ട അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം പ്രതികളായ ലിഷോയും ബാദുഷയും ചേർന്ന് റീൽസ് എടുത്തു. പിന്നാലെ ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ലഹരി വിഷയത്തിലെ തർക്കവും കൊലപാതകത്തിന് കാരണമെന്നും പ്രതികൾ മൊഴി നൽകി. കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ലിഷോയി ഇന്നാണ് പിടിയിലായത്. ലിഷോയിയെ കൊലപാതകം നടന്ന മുല്ലപ്പിള്ളിക്കുന്ന് നാല് സെൻ്റ് ഉന്നതിയിൽ നിന്നാണ് പിടികൂടിയത്. രാത്രി മുഴുവൻ കൊല നടന്ന വീടിനു സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
അതേസമയം, പെരുമ്പിലാവ് കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് തെളിയിക്കുന്നത് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകം നടക്കുന്ന സമയത്ത് സംഘർഷവും ബഹളവും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെരുമ്പിലാവ് നാല് സെന്റ് ആൽത്തറ കോളനിയിലാണ് കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിലിട്ടാണ് അക്ഷയിയെ വെട്ടി കൊലപ്പെടുത്തിയത്. ഒരു മാസം മുൻപാണ് അക്ഷയും ഭാര്യ നന്ദനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. നിരവധി ക്രമിനൽ – ലഹരിമരുന്ന് കേസുകളിൽ പ്രതിയായവർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട അക്ഷയ് നിരവധി കേസുകളിൽ പ്രതിയാണ്.