X

മെസി,ഡിബാല ഒന്നിച്ചിറങ്ങില്ല; സൂപ്പര്‍താരങ്ങളെ ഒരുമിച്ചിറക്കുന്നത് ബുദ്ധിമുട്ടാണെന്ന് സാംപോളി

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനതിരെ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് വേണ്ടി മെസ്സിയും ഡിബാലെയും ഒന്നിച്ചിറങ്ങില്ലെന്ന് പരിശീലകന്‍ ജോര്‍ജ് സാംപോളി. ലയണല്‍ മെസി, പോളോ ഡിബാല എന്നീ സൂപ്പര്‍ താരങ്ങളെ ഒരുമിച്ചിറക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് സാംപോളി പറയുന്നത്.

മെസിയും ഡിബാലയും ഒരുമിച്ച് അര്‍ജന്റീനയ്ക്കു വേണ്ടി വളരെ ചുരുക്കം കളികളാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ താരങ്ങള്‍ക്കിടയിലുള്ള അണ്ടര്‍സ്റ്റാന്റിങ് കുറവാണ്. നിര്‍ണായക മത്സരത്തില്‍ ഇവരെ രണ്ടു പേരെയും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തില്ലെന്നും സാംപോളി വ്യക്തമാക്കി.

ബാഴ്‌സലോണയില്‍ മെസിയും യുവന്റസില്‍ ഡിബാലയും മിന്നുന്ന ഫോമിലാണങ്കിലും യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കു വേണ്ടി ഇരു താരങ്ങള്‍ക്കും ഇതുവരെ ക്ലബ്ബിലുള്ള ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. ഇരു താരങ്ങളും ഒരേ പൊസിഷനില്‍ തന്നെ കളിക്കുന്നത് അര്‍ജന്റീനയില്‍ മെസിക്കൊപ്പം കളിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡിബാലെ നേരത്തെ വ്യക്തമാക്കിയിരുന്നു.

തെക്കനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്കു നാളെ (വെള്ളി) പുലര്‍ച്ചെയാണ് നാലാം സ്ഥാനത്തുള്ള പെറുവിനെതിരേയുള്ള മത്സരം. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് നേരിട്ടു യോഗ്യത ലഭിക്കുമ്പോള്‍ അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലൂടെയാണ് യോഗ്യത. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്.

നാളെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പെറുവിനെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനക്ക് ഉള്‍ക്കൊള്ളാനാവില്ല. നിലവില്‍ 24 പോയിന്റുമായി പെറു നാലാം സ്ഥനത്താണ്. അതെ പോയിന്റ് അര്‍ജന്റീനക്കുണ്ടെങ്കിലും ഗോള്‍ ശരാശരി പരിഗണിച്ച് അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും.

അഞ്ചാം സ്ഥാനത്തെത്തിയാല്‍ ന്യൂസിലന്‍ഡുമായി പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാം. എന്നാല്‍ നാളെ അര്‍ജന്റീന തോല്‍ക്കുകയും തൊട്ടുതാഴെയുള്ള ചിലി ജയിക്കുകയും ചെയ്താല്‍ പിന്നെ ഈ സാധ്യതയും അസ്തമിക്കും. പിന്നീട് അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ വിജയിക്കുകയും ചിലിയും പെറുവും തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീനക്ക് സാധ്യതയുണ്ട്.

അടുത്ത രണ്ട് മത്സരങ്ങളിലും ജയമില്ലെങ്കില്‍ പിന്നെ അര്‍ജന്റീന ലോകകപ്പ് കാണാതെ പുറത്താകും. അങ്ങനെ വന്നാല്‍ 1970 ന് ശേഷം ആദ്യമായിട്ടായിരിക്കും അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താകുന്നത്. നിലവിലെ രണ്ടാം സ്ഥാനക്കാര്‍ ലോകകപ്പ് കാണാതെ പുറത്താകുന്നുവെന്ന നാണക്കേടും ടീം ഏറ്റവാങ്ങേണ്ടി വരും.

chandrika: