X

സ്പീക്കറുടെ വ്യക്തിത്വവും ചെയറിന്റെ അന്തസ്സും

സുഫ്‌യാന്‍ അബ്ദുസ്സലാം

എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24ാം സ്പീക്കറായി സ്ഥാനമേറ്റിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി നിയമസഭയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും വിലയിരുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞുനിന്നത്. പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അമര്‍ഷങ്ങള്‍ ചെയറിനോട് കലഹിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹത്തെ നയിച്ചിരുന്നു. വികാരത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ ‘സ്പീക്കര്‍ നിഷ്പക്ഷനാവുന്നില്ല’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞ സന്ദര്‍ഭങ്ങളുമുണ്ടായി. പലപ്പോഴായി മുന്‍ സ്പീക്കറുടെ താക്കീതുകള്‍ക്ക് അദ്ദേഹം വിധേയമാവുകയും ചെയ്തിരുന്നു.
സ്പീക്കര്‍ മഹനീയ സ്ഥാനമാണ്. അത് വഹിക്കുന്നവരുടെ വ്യക്തിത്വവും ഇരിക്കുന്ന ചെയറിന്റെ അന്തസ്സും വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനം രൂപംകൊള്ളുന്നതിന് മുമ്പും ശേഷവും പ്രസ്തുത പദവി അലങ്കരിച്ചിട്ടുള്ളവരില്‍ മിക്കവരും സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയിട്ടുള്ളവരായിരുന്നു. 1957ല്‍ പ്രഥമ സ്പീക്കറായി സ്ഥാനമേറ്റ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും പി.എസ്.പിയും മുസ്‌ലിംലീഗും അദ്ദേഹത്തിന് പിന്തുണ നല്‍കി. സ്പീക്കര്‍ പൊതുസമ്മതനായിരിക്കുക എന്ന യുക്തിയാണ് അന്ന് നേതാക്കള്‍ സ്വീകരിച്ചുവന്നിരുന്ന നയം. തമ്പിയെ അനുമോദിച്ചുകൊണ്ട് സി.എച്ച് പറഞ്ഞു: ‘ഈ നിയമസഭയുടെ ഒന്നാമത്തെ സ്പീക്കറായി അങ്ങയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത് ഒരു ശുഭലക്ഷണമായി ഞാന്‍ കരുതുന്നു. സ്പീക്കര്‍ കക്ഷികള്‍ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതനായിരിക്കണം എന്നുള്ളത് ഏവരാലും സമ്മതിക്കപ്പെട്ട കീഴ്‌വഴക്കമാണല്ലോ’. (നിയമസഭ 27/04/1957).

തമ്പിയെ അനുമോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പി.ടി ചാക്കോ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ പദവിയോടുള്ള കമ്യൂണിസ്റ്റുകളുടെയും കമ്യൂണിസ്റ്റിതര കക്ഷികളുടെയും പ്രത്യയശാസ്ത്ര നിലപാടിലെ വ്യതിരിക്തത വ്യക്തമാക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ഡെമോക്രസിയില്‍ വിശ്വസിക്കുന്ന ഞങ്ങളുടേത് പോലെയുള്ള പാര്‍ട്ടികളിലെ അംഗങ്ങള്‍ സ്പീക്കറാകുമ്പോള്‍ പാര്‍ട്ടി ബന്ധങ്ങള്‍ ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുക കുറേകൂടി എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അങ്ങേക്ക് പാര്‍ട്ടി ബന്ധങ്ങള്‍ ഉപേക്ഷിക്കുവാനും പാര്‍ട്ടി ബന്ധങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അതീതമായി ഈ ഉന്നതസ്ഥാനത്തിരുന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന് തെളിയിക്കപ്പെടേണ്ടതാണ്’.

പട്ടം താണുപിള്ള മുഖ്യമന്ത്രിയായ രണ്ടാം കേരള നിയമസഭയില്‍ സ്പീക്കറായ കെ.എം സീതി സാഹിബും തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. 1928 മുതല്‍ കൊച്ചിന്‍ അസംബ്ലിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ സീതി സാഹിബിന്റെ 32 വര്‍ഷത്തെ നിയമസഭാ അനുഭവജ്ഞാനവും ഏവരാലും ആകര്‍ഷിക്കപ്പെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തെ പൊതുസമ്മതനാക്കിയത്. മദിരാശി അസംബ്ലിയില്‍ സീതിസാഹിബ് നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളും കക്ഷിഭേദമന്യേ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇ.എം.എസ് അനുമോദനപ്രസംഗത്തില്‍ സര്‍വാംഗീകൃതനായിരുന്ന സീതിസാഹിബിനെതിരെ രാക്ഷ്ട്രീയ പ്രസംഗം നടത്തിയത് സഭയില്‍ പ്രതിഷേധത്തിന് കാരണമായി. അതൊന്നും കാര്യമാക്കാതെ നിറഞ്ഞ പുഞ്ചിരിയോടെ സംസാരിച്ച സീതിസാഹിബ് ഗൗരവതരമായ വിഷയങ്ങളാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും കക്ഷി രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ എന്ന നിലയില്‍ പാര്‍ട്ടി ചിന്തയോ പാര്‍ട്ടി പരിഗണനയോ തന്നില്‍ നിന്നുണ്ടാവില്ലെന്നും ഉറപ്പുനല്‍കിക്കൊണ്ട് ഒരു സ്പീക്കറുടെ വ്യക്തിത്വം എങ്ങനെയായിരിക്കണമെന്ന് പ്രകടിപ്പിക്കുകയാണ് ചെയ്തത് (നിയമസഭ 12/3/1960).

സീതി സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് സ്പീക്കറായ സി.എച്ച് മുഹമ്മദ് കോയയാണ് കേരള നിയമസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍. സ്പീക്കറാകുമ്പോള്‍ അദ്ദേഹത്തിന് 34 വയസ്സ് മാത്രമാണുണ്ടായിരുന്നത്. പ്രായത്തില്‍ കവിഞ്ഞ പക്വതയും രാഷ്ട്രീയ എതിരാളികളോട്‌പോലും അദ്ദേഹം കാണിച്ചിരുന്ന വിനയവും സുഹൃദ്ബന്ധവുമായിരുന്നു സി.എച്ചിനെ സ്പീക്കര്‍ പദവിയിലേക്ക് എത്തിച്ചത്. എന്നാല്‍ സി.എച്ചിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടാക്കിയില്ല. അവര്‍ സി.എച്ചിനെതിരെ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.ഒ ഐഷ ബായിയെ സ്ഥാനാര്‍ഥിയാക്കി. അങ്ങനെ സ്പീക്കര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക എന്ന പതിവുരീതിക്ക് അവര്‍ ഭംഗം വരുത്തി. 1961 നവംബറില്‍ സി.എച്ച് പാര്‍ലമെന്റ് അംഗമായി പോയപ്പോള്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ദീര്‍ഘകാലം തിരുകൊച്ചി അസംബ്ലിയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ കോണ്‍ഗ്രസിലെ അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു. പറമ്പിത്തറയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ ഇ.എം.എസിനും മടി ഉണ്ടായിരുന്നില്ല.

1967ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും സ്പീക്കര്‍ ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എസ്.പിയിലെ (പഴയ പി.എസ്.പി) ഡി. ദാമോദരന്‍ പോറ്റി എതിരില്ലാതെ സ്പീക്കറായി. തിരുവിതാംകൂര്‍ കൊച്ചിന്‍ അസംബ്ലിയില്‍ ഡെപ്യൂട്ടി സ്പീക്കറായി കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു പോറ്റി. എന്നാല്‍ 1961ല്‍ സി.എച്ചിനെതിരെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഇ.എം.എസിന്റെ പാര്‍ട്ടി 1970ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായി വീണ്ടും പ്രതിപക്ഷത്ത് എത്തിയപ്പോള്‍ പൊതുസ്പീക്കറെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലും കേരള നിയമസഭയിലും കഴിവ് തെളിയിച്ച മുസ്‌ലിംലീഗിലെ കെ. മൊയ്തീന്‍കുട്ടി ഹാജിയെ ആയിരുന്നു സപ്തകക്ഷി മുന്നണി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. കേരള കോണ്‍ഗ്രസിലെ എ.സി ചാക്കോയെ അവര്‍ ഹാജിക്കെതിരെ മത്സരിപ്പിച്ചു. മുസ്‌ലിംലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെ തുടര്‍ന്ന് മൊയ്തീന്‍കുട്ടിഹാജി സ്പീക്കര്‍ സ്ഥാനം രാജിവെച്ചപ്പോള്‍ 1976 ഫെബ്രുവരിയില്‍ കേരള കോണ്‍ഗ്രസിലെ ടി.എസ് ജോണ്‍ സ്പീക്കറായി. സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷം അന്നും പൊതുസ്പീക്കറെ അംഗീകരിച്ചില്ല. 1977ല്‍ സ്പീക്കറായത് ചാക്കീരി അഹ്മദ്കുട്ടി സാഹിബായിരുന്നു. പതിനേഴാം വയസ്സില്‍ താലൂക് ബോര്‍ഡ് മെമ്പറായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലും മദിരാശി അസംബ്ലിയിലും തുടര്‍ന്ന് കേരള നിയമസഭയിലും അംഗമായി നിറഞ്ഞ പ്രവര്‍ത്തനപരിചയം കൈമുതലാക്കിയാണ് അദ്ദേഹം സ്പീക്കര്‍ പദവിയിലെത്തിയത്. 1957ലെ പ്രഥമ സര്‍ക്കാര്‍ ആദ്യത്തെ പാനല്‍ ഓഫ് ചെയര്‍മാനായി ചാക്കീരിയെയായിരുന്നു പരിഗണിച്ചിരുന്നത്. ചാക്കീരിക്കെതിരെയും ഇടതുപ്രതിപക്ഷം സ്പീക്കര്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചു. 1980ല്‍ നായനാരുടെ നേതൃത്വത്തില്‍ വന്ന ഇടതുപക്ഷം എ.പി കുര്യനെ സ്പീക്കര്‍ പദവിയിലേക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയും കുര്യനെ അംഗീകരിച്ചു. 1982ല്‍ ഫെബ്രുവരി മുതല്‍ നാല് മാസക്കാലം എ.സി ജോസ് സ്പീക്കറായതും എതിരില്ലാതെയായിരുന്നു.
പൊതുസമ്മതനെ അംഗീകരിക്കുന്നതില്‍ തുടക്കം മുതലേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിമുഖത കാണിച്ചിരുന്നു. 1980 വരെ കോണ്‍ഗ്രസ്,

മുസ്‌ലിംലീഗ് പാര്‍ട്ടികള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പൊതു സമ്മതനെയായിരുന്നു കണ്ടെത്താന്‍ ശ്രമിച്ചത്. അതിനുശേഷം പിന്നീടുള്ള കാലങ്ങളിലെല്ലാം സ്പീക്കര്‍ തിരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയത്തിന് അനുസൃതമായി ചടങ്ങായി സഭയില്‍ നടന്നുകൊണ്ടിരിക്കുന്നു. ആദ്യകാലങ്ങളില്‍ സ്പീക്കര്‍ പദവിയിലിരിക്കുന്ന വ്യക്തിയെ കുറിച്ച് ഒരു കാഴ്ചപ്പാട് സഭാംഗങ്ങള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരെ സ്പീക്കറാക്കണമെന്നത് ഭരണകക്ഷിയുടെ മാത്രം ആഭ്യന്തര കാര്യമായി മാറിയിരിക്കുകയാണ്. ഭരണകക്ഷിയില്‍ നിന്നുതന്നെ പക്വമതിയായ ക്ഷമയും നിയന്ത്രണശക്തിയുമുള്ള പൊതുസമ്മതരെ സ്പീക്കര്‍ പദവിയില്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കും.

ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതെ സ്പീക്കറുടെ ഡയസില്‍ കയറി അക്രമം കാണിക്കുകയും സ്പീക്കറുടെ ചെയര്‍ പുറത്തേക്ക് എറിയുകയും മൈക്കും കംപ്യൂട്ടറും അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ലജ്ജാകരമായ സംഭവവും നമ്മുടെ സഭയില്‍ തന്നെയാണ് അരങ്ങേറിയത്. സ്പീക്കറുടെ ഡയസില്‍ കയറി അക്രമം കാണിച്ച വ്യക്തി തന്നെ കേരളത്തിന്റെ സ്പീക്കറാവുകയും ചെയ്ത അത്യന്തം ദയനീയമായ കാഴ്ചക്കും പിന്നീട് നിയമസഭ സാക്ഷ്യം വഹിച്ചു. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കി സഭയുടെ അന്തസ്സ് പരിരക്ഷിക്കാന്‍ സഭാനാഥനും പ്രതിപക്ഷ നേതാവിനും ഭരണപ്രതിപക്ഷ അംഗങ്ങള്‍ക്കും ബാധ്യതയുണ്ട്. മഹാനായ സീതി സാഹിബ് ചൂണ്ടിക്കാണിച്ച പോലെ പാര്‍ട്ടി ചിന്തകളില്ലാതെ നാടിന്റെ നന്മ പരമലക്ഷ്യമായി കണ്ട് പ്രവര്‍ത്തിക്കാന്‍ നമ്മുടെ സ്പീക്കര്‍ക്കും സഭാംഗങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്.

Test User: