കോഴിക്കോട്: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായ കാലം തൊട്ട് അടുത്തറിയുന്ന വ്യക്തിത്വമായ കോടിയേരി ബാലകൃഷ്ണന്റെ മുഖമുദ്ര കഠിനാധ്വാനമായിരുന്നുവെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സംഘടനാ രംഗത്തെന്ന പോലെ പാര്‍ലെമന്റി രംഗത്തും തന്റേതായ ശൈലിയും ഭാവവും അദ്ദേഹം സൃഷ്ടിച്ചു. സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളില്‍ നിലപാടെടുക്കുമ്പോഴും ശക്തിയുക്തം ന്യായീകരിക്കുമ്പോഴും മറ്റു പാര്‍ട്ടികള്‍ക്കെതിരെ പ്രത്യയശാസ്ത്രപരമായ വിമര്‍ശനങ്ങളിലും കോടിയേരി നടത്തിയിരുന്നത് വ്യത്യസ്ഥ ശൈലിയായിരുന്നു. എതിരാളികളെ നേരിടുന്നതില്‍ വലിയ സാമര്‍ത്ഥ്യമുണ്ടായിരുന്ന അദ്ദേഹം ആരെയും വേദനിപ്പിക്കാതെ കാര്യം പറയാന്‍ മിടുക്കനായിരുന്നു.
ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ വലിയ വിവാദങ്ങളുണ്ടായപ്പോള്‍ അവയെല്ലാം തന്മയത്തത്തോടെ നേരിടുന്നതില്‍ പ്രത്യേക സിദ്ധിയാണ കാണിച്ചത്. നിയമസഭ പ്രവര്‍ത്തനങ്ങളില്‍ വസ്തുനിഷ്ട സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ കോടിയേരി വളരെ മുമ്പിലായിരുന്നു. താന്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അതു ഉളളിലൊതുക്കി പ്രസരിപ്പോടെ അദ്ദേഹം മുന്നില്‍ നിന്നു എന്നതിന് കേരളം സാക്ഷിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു,