X

വ്യക്തിനിയമം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ല: അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: മുത്തലാഖിനെപ്പറ്റി രാഷ്ട്രം മുഴുവന്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കവെ വ്യക്തിനിയമം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന നിര്‍ണായക നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി.

മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിനെതിരാണ്; മുത്തലാഖ് മുഖേന വിവാഹ മോചനം നടത്തുന്നത് സമത്വമെന്ന സങ്കല്‍പ്പത്തിനെതിരാണ് എന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്. വ്യക്തിനിയമം ഭരണഘനാപരമായി മാത്രം നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. ഒരു വ്യക്തിയുടെയും അവകാശങ്ങള്‍ക്കെതിരായ ഒരു ഫത് വയും നിലവിലില്ല എന്നും കോടതി വ്യക്തമാക്കി. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കോടതിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഢിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ക്രിമിനല്‍ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം. ഏപ്രില്‍ 19 ന് വാദം കേട്ട കേസില്‍ ഇന്നാണ് വിധി പുറപ്പെടുവിച്ചത്. തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി തയാറാക്കിയത്.

മുത്തലാഖിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക ബഞ്ച് മെയ് 11നാണ് വാദം കേള്‍ക്കുക. ഹര്‍ജികള്‍ പരിഗണിക്കാനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെയാണ് പരമോന്നത കോടതി നിയമിച്ചിരിക്കുന്നത്.

chandrika: