ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത് ആദിത്യനാഥ് സര്‍ക്കാറിന്റെ ഞെട്ടിക്കുന്ന മുസ്‌ലിം വേട്ടയുടെ കഥകള്‍. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരിട്ട് നടക്കുന്ന മുസ്‌ലിം വേട്ടയാണ് യുപിയില്‍ അരങ്ങേറുന്നത്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് നേതൃത്വം വഹിക്കുന്നതാണ് ഉത്തര്‍പ്രദേശിലെ കാഴ്ച. മുഖ്യധാരയില്‍ നിന്ന് ഭീകരമായ രീതിയില്‍ ഒറ്റപ്പെടുത്തപ്പെടുന്ന മുസ്‌ലിം സമുദായം യുപിയില്‍ വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്.
മുസ്‌ലിംകളെല്ലാം അക്രമികളും കുഴപ്പക്കാരുമാണ് എന്ന ചിന്തയാണ് സംഘപരിവാര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പ്രതിഫലനമായി മുസ്‌ലിംകള്‍ ക്രൂരമായി തെരുവില്‍ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യുന്നു. ഇതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം ബറേലിയില്‍ കൊല്ലപ്പെട്ട ബാസിത് ഖാന്‍ എന്ന 32 കാരന്‍. അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ബാസിത് ഖാനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. മര്‍ദിച്ച അവശനാക്കി പൊലീസില്‍ ഏല്‍പിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. പൊലീസ് ഇയാളെ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. പിന്നീട് ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ബാസിത് മരിച്ചു.
കഴിഞ്ഞ ജൂണില്‍ ഇസ്‌റാര്‍ എന്ന മുസ്‌ലിം യുവാവിനെ നാട്ടുകാര്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഒരാളെ പോലും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇസ്‌റാര്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ആള്‍ക്കൂട്ട കൊലയായി കണക്കാക്കാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നൂറുകണക്കിന് മുസ്‌ലിം യുവാക്കളെയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്. നിരവധി പേര്‍ ഇപ്പോഴും ജയിലില്‍ നരകയാതന അനുഭവിക്കുകയാണ്.
ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് ലോകത്തോട് വിളിച്ചു പറഞ്ഞതിനാണ് ഡോ.കഫീല്‍ ഖാനെ ആദിത്യനാഥ് വേട്ടയാടിയത്. കള്ളക്കേസ് ചുമത്തി ജയിലിലടച്ച അദ്ദേഹത്തിന് കോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങാനായത്. ഇനിയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുമെന്ന് ഭയമുള്ളതിനാണ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശപ്രകാരം കഫീല്‍ ഖാന്‍ രാജസ്ഥാനിലേക്ക് താമസം മാറുകയായിരുന്നു.
മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമായി യുപി മാറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഘപരിവാര്‍ നേരിട്ട് നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്. പൊതുസമൂഹത്തെ തന്നെ മുസ്‌ലിം സമുദായത്തിന് എതിരാക്കി വിദ്വേഷം പ്രചരിപ്പിച്ച വലിയ സാമൂഹിക ധ്രുവീകരണമാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.