എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകളെടുക്കാമെന്ന് ഡി.ജി.പി. ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി പി.വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തിലാണ് കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയത്.
സ്വര്‍ണക്കടത്തില്‍ പി. വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസും പറഞ്ഞിരുന്നു. അപകീര്‍ത്തികരമായ വ്യാജമൊഴി നല്‍കിയതിന് അജിത് കുമാറിനെതിരെ കേസെടുക്കണമെന്ന് പി. വിജയന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡി.ജി.പി അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ നിലവില്‍ ഈ വിഷയങ്ങളില്‍ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്ത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തിരുന്നു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചത്.