X
    Categories: indiaNews

പെരിയാര്‍ പ്രതിമക്ക് മേല്‍ കാവി പൂശി വികൃതമാക്കി; തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധം

ചെന്നൈ: ദ്രാവിഡ നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായി പെരിയാര്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമകള്‍ക്ക് നേരെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രിയില്‍ പെരിയാര്‍ പ്രതിമയ്ക്ക് മുകളില്‍ കാവിയൊഴിച്ച് വികൃതമാക്കിയതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയരുന്നു. തിരുച്ചിറപ്പള്ളിക്ക് സമീപം പെരിയാറിന്റെ പ്രതിമക്ക് മുകളില്‍ അക്രമികള്‍ കാവി നിറത്തിലുള്ള പെയിന്റ്  ഒഴിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു.

പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തിന് എതിരെ രൂക്ഷ പ്രതികരണുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രംഗത്തെത്തി. ‘ഇതേ തെറ്റ് ആവര്‍ത്തിക്കുന്നര്‍, കൂടുതല്‍ അവഗണിക്കപ്പെടുമെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി പെരിയാര്‍ പ്രതിമകള്‍ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഈ വര്‍ഷം ആദ്യം ചെങ്ങല്‍പാട്ടിലും പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമം നടന്നിരുന്നു. പ്രതിമയുടെ മുഖം വികൃതമാക്കിയ രീതിയില്‍ കണ്ട നാട്ടുകാരാണ് അന്ന് പൊലീസില്‍ വിവരം അറിയിച്ചത്. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് അരിയലൂരിലെ പ്രതിമയ്ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് പ്രതിമയ്ക്ക് നേരെ കരി ഓയില്‍ പ്രയോഗമാണ് നടന്നത്.

chandrika: