ചെന്നൈ: സമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറുടെ പ്രതിമയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അഭിഭാഷകനായ ഡി. ജഗദീഷ് ആണ് പിടിയിലായത്. പെരിയാറിന്റെ 140-ാം ജന്മദിനമായ ഇന്നലെ ചെന്നൈ അണ്ണാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്ക് നേരെ ഇയാള്‍ ചെരുപ്പെറിയുകയായിരുന്നു. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിമയില്‍ മാല ചാര്‍ത്തുമ്പോഴാണ് അക്രമി ചെരുപ്പെറിഞ്ഞത്. പെരിയാറിന്റെ അനുയായികള്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറി. സംഭവത്തില്‍ ചിന്ദാതിരിപ്പേട്ട് പൊലീസ് കേസെടുത്തു.
അതേസമയം തിരുപ്പൂര്‍ ജില്ലയിലെ ധര്‍മ്മപുരത്ത് പെരിയാറിന്റെ പ്രതിമയുടെ തലയില്‍ ചെരുപ്പ് സ്ഥാപിച്ചു. സംഭവത്തില്‍ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കി. പെരിയാറിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്ത് വന്നു. സംസ്ഥാനത്ത് അക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മൃഗങ്ങളാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നും ഇത്തരക്കാര്‍ ദ്രാവിഡ ചരിത്രമോ പെരിയാറിന്റെ മഹത്വമോ അറിയാത്തവരാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.