കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം നടന്ന പ്രദേശങ്ങല്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്കള്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ അമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടമാണ് സി.പി.എം നേതാക്കളെ തടഞ്ഞത്.
ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരന്റെ വീടും പെരിയയ്ക്ക് അടുത്തുള്ള കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീടും സന്ദര്‍ശിക്കാനെത്തിയ പി കരുണാകരന്‍ എംപിയുള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെയായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.
റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പെണ്‍കുട്ടികളടക്കം അലമുറയിട്ട് വൈകാരികമായാണ് പ്രതിഷേധിച്ചത്.
“ഞങ്ങടെ മക്കളെ കുഴിമാന്താന്‍ അല്ലേ നിങ്ങളുടെ ഈ വരവ്? ഞങ്ങടെ ഇവിടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച് കിട്ട്വോ? പിന്നെന്തിന് ഇങ്ങോട്ട് വന്നു? സമാധാനം പറയാനാണെങ്കി ഇപ്പഴാണോ വരണ്ടത്?” സിപിഎം നേതാക്കളുടെ സന്ദര്‍ശനത്തിനെതിരെ സ്ത്രീകള്‍ ചോദിക്കുന്നു.
സ്ത്രീകളുടെ പ്രതിഷേധത്തിന്റെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ കാണാം: