കാസര്‍കോട്: പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത് താന്‍ തന്നെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്ന് പീതാംബരന്‍ പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. കസ്റ്റഡിയിലുള്ള ആറുപേരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിട്ടുള്ളവരാണെന്നാണ് സൂചന.
അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയിരുന്നെന്നും പ്രതികളുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇത് കേസ് ഗതി തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊല്ലപ്പെട്ട യുവാക്കളുടെ ശരീരത്തിലെ മുറിവുകള്‍ പരിശോധിക്കുമ്പോള്‍, അത് കൊലപാതകത്തില്‍ മുന്‍പരിചയമുള്ള കൊട്ടേഷന്‍ സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
‘കൃപേഷും ശരത് ലാലും പെരിയയില്‍ വച്ച് തന്നെ ആക്രമിച്ചു. അന്ന് കൈ ഒടിഞ്ഞനിലയിലാണ് ആാറപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം പൊലീസ് കൈകൊണ്ടില്ല. ഇതേ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചെങ്കിലും അവിടുന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. സഹായത്തിന് അവര്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. സുഹൃത്തുക്കളുടെ സഹായത്തോടെ കൊല നടത്തിയത്.’പീതാാബരന്‍ പറയുന്നു.
എന്നാല്‍ പീതാംബരന്‍ കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലക്കാണ് പീതാംബരന്റെ മൊഴി. ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.