തിരുവനന്തപുരം; പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകള്‍ സിബിഐക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. സിബിഐ ഉദ്യോഗസ്ഥര്‍ പലതവണ കത്ത് നല്‍കിയിട്ടും പ്രതികരണമില്ല. ഫയലുകള്‍ കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി. അതിനിടെ ഈ ആഴ്ച തന്നെ പെരിയയിലെത്തി അന്വേഷണം തുടങ്ങാനാണ് സിബിഐയുടെ ആലോചന.
സര്‍ക്കാരിന്റെ എതിര്‍പ്പുകളെല്ലാം തള്ളി പെരിയ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ശരിവച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതിനകം അന്വേഷണ ഫയലുകള്‍ ആവശ്യപ്പെട്ട് സിബിഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്പിക്കും കത്ത് നല്‍കി. പക്ഷെ ഉടന്‍ തരാം എന്ന് മറുപടിയല്ലാതെ ഫയലുമാത്രം കിട്ടുന്നില്ല. കോടതി ഉത്തരവിടുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറയ്ക്ക് ഫയലുകള്‍ കൈമാറുന്ന കീഴ്‌വഴക്കമാണ് സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ പൊലീസ് തെറ്റിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആറിട്ട് സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്നും കേസ് ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് അന്വേഷണം മുടക്കുകയായിരുന്നു
ഫയലുകള്‍ കിട്ടാതെ അന്വേഷണം നടത്താനാവുന്നില്ലെന്ന് സിബിഐ പറഞ്ഞതോടെയായിരുന്നു ഡിവിഷന്‍ ബെഞ്ച് വേഗത്തില്‍ കേസ് പരിഗണിച്ചതും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതും. സര്‍ക്കാരിന് ഏറെ തിരിച്ചടിയായ ആ കോടതി ഉത്തരവിനു ശേഷവും പൊലീസ് ഒളിച്ചുകളിക്കുകയാണ്. അനുമതി കിട്ടാത്തതിനാലാണ് രേഖകള്‍ കൈമാറാത്തതെന്നും ഫയലില്ലങ്കിലും സിബിഐക്ക് അന്വേഷണം തുടങ്ങാമെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ വിശദീകരണം.