X

ലക്ഷങ്ങള്‍ കൈപ്പറ്റിയ അഭിഭാഷകര്‍ പരാജയപ്പെട്ടത്, ഒരു രൂപ പ്രതിഫലമില്ലാതെ കേസു നടത്തിയ ടി.അസഫലിക്കു മുമ്പില്‍

പെരിയ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അഭിഭാഷകര്‍ പരാജയപ്പെട്ടത്, ഒരു രൂപ പോലും പ്രതിഫലം പറ്റാതെ കേസു നടത്തിയ മുന്‍ ഡിജിപി ടി.അസഫലിക്കു മുമ്പില്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 10 മാസമായിട്ടും സിബിഐക്ക് അന്വേഷണം തുടങ്ങാന്‍ കഴിയാത്ത കേസിലാണു നിയമപോരാട്ടത്തിലൂടെ കുരുക്കഴിഞ്ഞത്. 88 ലക്ഷം രൂപ ഫീസ് നല്‍കിയാണ് സര്‍ക്കാര്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തിയത്. ഇന്നലെയാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി കേസ് സിബിഐ തന്നെ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുന്നത്.

ആയിരത്തിലേറെ പേജുള്ള െ്രെകംബ്രാഞ്ച് കുറ്റപത്രം പഠിച്ച്, അതില്‍ പ്രതികളെ രക്ഷപ്പെടുത്താനും, ഉന്നതതല ഗൂഢാലോചന മറച്ചുവയ്ക്കാനും നടത്തിയ നീക്കങ്ങളെല്ലാം പുറത്തുകൊണ്ടുവരികയെന്നതായിരുന്നു ആദ്യവെല്ലുവിളി. കേസന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറുമ്പോള്‍, ആദ്യ ഏജന്‍സിയുടെ കുറ്റപത്രം റദ്ദാക്കുന്ന രീതി സാധാരണയില്ല. എന്നാല്‍ വാദിഭാഗം അഭിഭാഷകന്റെ ഇഴകീറിയുള്ള പരിശോധനയില്‍ കുറ്റപത്രത്തിലെ പോരായ്മകള്‍ ബോധ്യപ്പെട്ടതോടെ ഇതു റദ്ദാക്കിക്കൊണ്ടാണ് അന്വേഷണം സിംഗിള്‍ ബെഞ്ച് സിബിഐക്കു വിട്ടത്.

കേസ് ഡയറി കൈമാറാന്‍ മടിച്ച െ്രെകംബ്രാഞ്ചിനെ കോടതിയലക്ഷ്യ നടപടികൊണ്ടാണു നേരിട്ടത്. സിബിഐക്കും സംസ്ഥാന പൊലീസ് മേധാവിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി കൊടുത്തതോടെ കേസ് ഡയറി കൈമാറാമെന്നറിയിച്ചു. ഇതിനിടെ സര്‍ക്കാരിന്റെ അപ്പീല്‍. കുറ്റപത്രത്തില്‍ പിഴവുണ്ടെങ്കില്‍ ഹര്‍ജി നല്‍കേണ്ടതു മജിസ്‌ട്രേറ്റ് കോടതിയിലാണെന്നു സര്‍ക്കാര്‍ വാദം. ഇരകളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതു കേസും മറ്റൊരു അന്വേഷണ ഏജന്‍സിയെ ഏല്‍പിക്കാമെന്ന സുപ്രീംകോടതി വിധികൊണ്ട് ഇതിനെ ഖണ്ഡിച്ചു. സിബിഐക്കു വിടാന്‍ മാത്രമുള്ള അസാധാരണ കേസല്ല ഇതെന്നു സര്‍ക്കാരിന്റെ മറ്റൊരു വാദം. സിബിഐക്കു വിട്ട അനേകം കേസുകള്‍ നിരത്തി മറുവാദം. വിധി പറയാന്‍ കോടതി കേസ് മാറ്റിയത് 2019 നവംബര്‍ 16ന്.

അവിടംകൊണ്ടു കഴിഞ്ഞില്ല നിയമപോരാട്ടം. കോടതി സ്‌റ്റേ നല്‍കാതിരുന്നിട്ടും സിബിഐ അന്വേഷണം നടക്കുന്നില്ലെന്നു കാണിച്ചു സിബിഐ കോടതിയില്‍ 2020 ഫെബ്രുവരിയില്‍ ഹര്‍ജി നല്‍കി. ഇതോടെ സിബിഐ ഉണര്‍ന്നു. പിന്നീട് ഒന്നാം പ്രതി പീതാംബരന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍, അന്വേഷണം നടത്താന്‍ കഴിയാത്ത പ്രത്യേക സാഹചര്യം സിബിഐക്കു തുറന്നു സമ്മതിക്കേണ്ടിയും വന്നു. ഈ സാഹചര്യം മറികടക്കാനും വാദിഭാഗം അഭിഭാഷകന്റെ ഇടപെടലുണ്ടായി.

വാദം പൂര്‍ത്തിയായി ആറു മാസം കഴിഞ്ഞിട്ടും വിധി പറയാത്ത കേസുകളില്‍, വാദിഭാഗം ആവശ്യപ്പെട്ടാല്‍ ബെഞ്ച് മാറ്റാമെന്ന സുപ്രീംകോടതി വിധി ആയുധമാക്കി. ബെഞ്ച് മാറ്റത്തിന് ഓഗസ്റ്റ് 24നു ഹൈക്കോടതിയെ സമീപിച്ചു. ഒരു ദിവസത്തിനുശേഷം സര്‍ക്കാര്‍ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നു. നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചു നടത്തിയ പോരാട്ടത്തിനു വിജയം.

 

chandrika: