X

പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്‍മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ കേരളാ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികള്‍ ആണെന്ന് തങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്‍ക്കാര്‍, ക്രിമിനലുകള്‍ക്കൊപ്പമായിരുന്നെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു.

സി.ബി.ഐ കോടതിയുടെ വിധിയില്‍ പൂര്‍ണസംതൃപ്തരല്ല. ആദ്യം മുതല്‍ തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്‍ വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: