കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമനും. പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതികളുള്‍പ്പെടെയുള്ളവരെ പി.ജയരാജന്‍ ഇന്നലെ ജയിലിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണിത്.
പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു. പ്രതികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ചത് കൂടെ ഉണ്ടെന്ന സന്ദേശം കൈമാറാനാണെന്നും ജില്ലാ സെക്രട്ടറി എംഎല്‍എമാര്‍ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടവരാണ് പ്രതികളുടെ വീട് സന്ദര്‍ശിച്ചതെന്നും ഇനിയും കൊലപാതകം നടത്താനുള്ള ധൈര്യം പകരുകയാണ് ലക്ഷ്യമെന്നും സത്യനാരായണന്‍ പറഞ്ഞു.
അതേസമയം, പെരിയ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പി.ജയരാജന്റെ പങ്ക് ഇന്നലത്തോടെ തെളിഞ്ഞെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പി.ജയരാജന്റെ ജയില്‍ സന്ദര്‍ശനം ചട്ട ലംഘനമാണ്. സിപിഎം ആണെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ടേ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതികരണം.