X

പെരിയ ഇരട്ടക്കൊലപാതകകേസ്; സിപിഎം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പേരുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകകേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ അഞ്ച് വര്‍ഷം കഠിന തടവ് ശിക്ഷ മരവിപ്പിച്ചു. സിബിഐ പ്രതി ചേര്‍ത്ത കെ.മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് കൊച്ചി സിബിഐ കോടതി പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷ വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്.

പ്രമുഖ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 14 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. പ്രതികളായിരുന്ന പത്തുപേരെ വെറുതെവിടുകയും ചെയ്തു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയത്.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്ലാല്‍(23), കൃപേഷ്(19) എന്നിവരെ കാസര്‍കോട്ടെ കല്യാട്ട് വെച്ച് വെട്ടി കൊലപ്പെടുത്തിയത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചത്.

webdesk18: