X

സര്‍ക്കാരിന് തിരിച്ചടി; പെരിയ കേസില്‍ സ്റ്റേ ഇല്ല

ഡല്‍ഹി: പെരിയ കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല.സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.  ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ ഹർജിയിൽ സിംഗിൾ ജഡ്ജി സിബിഐ അന്വേഷണത്തിനു നിർദേശിച്ചതു ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.

2019 ഫെബ്രുവരി 17 നായിരുന്നു കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രതികളെ സഹായിക്കാനായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തിരുന്നു.സിബിഐ അന്വേഷണം തടയാന്‍ അഭിഭാഷകരെ നിയമിക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാനായി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലും തള്ളിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്.

Test User: