കൊച്ചി : ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതി അഭിഭാഷകരെ രംഗത്തിറക്കിയിട്ടും പെരിയ കേസില്‍ സര്‍ക്കാരിന് രക്ഷയുണ്ടായില്ല. പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീലിലാണ് വിധി.
പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അഭിഭാഷകന് മുടക്കിയത് 88 ലക്ഷം രൂപയായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നവരെയാണ് ലക്ഷങ്ങള്‍ മുടക്കി കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലുമായിരുന്ന മനീന്ദര്‍ സിംഗാണ് എറണാകുളം ഹൈക്കോടതിയിലെത്തി കേസ് വാദിച്ചത്. ഒരു സിറ്റിംഗിന് 20 ലക്ഷം രൂപയും സഹായിക്ക് ഒരു ലക്ഷവുമാണ് പ്രതിഫലം.
മനീന്ദര്‍ സിംഗ് മൂന്ന് തവണ എറണാകുളത്തെത്തി കേസ് വാദിച്ചിട്ടുണ്ട്. നവംബര്‍ 4, 12, 16 തിയതികളിലാണ് അദ്ദേഹം കേസ് വാദിച്ചത്. നാലിന് കേസ് വാദിച്ചതിന് 21 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. 12, 16 തിയതികളില്‍ വാദിച്ചതിന് 40 ലക്ഷവും സഹായിക്ക് രണ്ട് ലക്ഷവും അനുവദിച്ചാണ് പുതിയ ഉത്തരവ്. മോദി സര്‍ക്കാരില്‍ സോളിസിറ്റര്‍ ജനറലായിരുന്ന രഞ്ജിത് കുമാറിനെയാണ് പെരിയ കേസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍ ആദ്യം നിയോഗിച്ചത്. 25 ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നു. അഭിഭാഷകരുടെ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ഈ പ്രതിഫലത്തില്‍ പെടില്ല.
വാദം പൂര്‍ത്തിയായി 9 മാസത്തിനുശേഷമാണ് ഹൈക്കോടതി കേസില്‍ വിധി പറഞ്ഞത്. ഹൈക്കോടതി വിധി പറയാന്‍ വൈകിയ സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസില്‍ വിധി പറഞ്ഞിരുന്നില്ല. ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാ!ര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്നലെ പുതിയ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്.
സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്കു വിട്ടത്. അന്വേഷണ സംഘത്തെ നിശിതമായി വിമര്‍ശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ഒക്ടോബര്‍ 28നാണ് ഈ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.