തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ ഡയറിയും മറ്റു രേഖകളും സിബിഐ ആവര്‍ത്തിച്ചു ചോദിച്ചിട്ടും അനങ്ങാതെ പൊലീസ്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായിട്ടാണ് നാല് തവണ സിബിഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയത്. എന്നിട്ടും സംസ്ഥാനത്തെ പൊലീസ് അനങ്ങിയില്ല.
കഴിഞ്ഞ മാസം 25ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നല്‍കി. എന്നിട്ടും മറുപടി കിട്ടിയില്ല.
കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് പോവുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നിയമോപദേശം തേടി.
ക്രൈംബ്രാഞ്ച് ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാരിന്റെ വാദം. കഴിഞ്ഞ മാസം 25ാം തീയതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവച്ചത്.
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തില്‍ രാഷ്ട്രീയചായ്‌വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി വിമര്‍ശിക്കുന്നു. ഇത് കേസിന്റെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവില്‍ നിന്ന് നല്‍കി. 2019 ഫിബ്രവരി 17നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.