X

പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് 31ന് നാടിന് സമര്‍പ്പിക്കും

മലപ്പുറം: പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് 31 ന് നാടിന് സമര്‍പ്പിക്കും. പെരിന്തല്‍മണ്ണ പൊന്ന്യാംകുര്‍ശ്ശി ഐ.എസ്.എസ്. വിദ്യാഭ്യാസ സമുച്ചയത്തില്‍ രാവിലെ 10ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അക്കാദമി ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏഴു ജില്ലകളില്‍ നിന്നും വിവിധ മത്സര പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികളാണ് അക്കാദമിയില്‍ പ്രവേശനം നേടിയത്.

പരിശീലനവും താമസവും ഭക്ഷണവുമടക്കം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗജന്യ സിവില്‍ സര്‍വീസസ് അക്കാദമിയാണിത്. ആഗസ്റ്റ് ഒന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അക്കാദമി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നജീബ് കാന്തപുരം എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരായ കെ. രാജന്‍, പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി , എം.പിമാരായ എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് പങ്കെടുക്കും. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള മലബാര്‍ മേഖലയിലെ സിവില്‍ സര്‍വീസ് തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് റെസിഡന്‍ഷ്യല്‍ സൗകര്യങ്ങളോടെയുള്ള അക്കാദമി സജ്ജമായിരിക്കുന്നത്. അക്കാദമിക്കായി 18000 സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിട സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്.

സിവില്‍ സര്‍വീസ് തല്‍പ്പരരായ അയ്യായിരത്തോളം വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1300 വിദ്യാര്‍ഥികള്‍ക്ക് എഴുത്ത് പരീക്ഷ നടത്തിയാണ് 319 പേരെ തിരഞ്ഞെടുത്തത്. അഭിമുഖം നടത്തി ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് പെരിന്തല്‍മണ്ണയില്‍ നടന്ന ഗ്രാജ്വേറ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് നജീബ് കാന്തപുരം എം.എല്‍.എ സിവില്‍ സര്‍വീസസ് അക്കാദമി ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. രണ്ടര മാസം കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായി. പതിറ്റാണ്ടുകളായി പെരിന്തല്‍മണ്ണയിലെ വിദ്യാഭ്യാസ രംഗത്ത് മികവാര്‍ന്ന പാരമ്പര്യമുള്ള ഐ.എസ്.എസ് എഡ്യുക്കേഷണല്‍ സൊസൈറ്റിയാണ് സിവില്‍ സര്‍വീസസ് അക്കാദമിക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കിയത്. അക്കാദമിക്ക് വേണ്ടി ആധുനിക രീതിയിലുള്ള വിശാലമായ ഡിജിറ്റല്‍ ക്ലാസ് റൂം, ലൈബ്രറി ആന്റ് റീഡിങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഡിസ്‌കഷന്‍ റൂം, സ്റ്റുഡിയോ, ഹോസ്റ്റല്‍, കാന്റീന്‍, ബോര്‍ഡ് റൂം, എന്നിവ ഒരുക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫൈസല്‍ ആന്റ് ശബാനാ ഫൗണ്ടേഷന്‍ ഈ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യ നിയോബാങ്കിങ് കമ്പനിയും കേരളത്തില്‍ നിന്നുള്ള ആദ്യത്തെ യൂണികോണ്‍ സ്ഥാപനവുമായ ഓപണ്‍, ലൈഫ് ഫാര്‍മസി, മലബാര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ്, റഫ്മോ ഗ്രൂപ്പ് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍,വിവിധ കെ.എം.സി.സി കമ്മിറ്റികളും അക്കാദമിയുമായി സഹകരിക്കുന്നുണ്ട്. മൂന്നരക്കോടി രൂപ ചെലവിലാണ് അക്കാദമിക്കായുള്ള കെട്ടിടം നിര്‍മിച്ചത്. ഐ.എസ്.എസ് സ്ഥാപനങ്ങളുടെ പ്രഥമ പ്രിന്‍സിപ്പാളായിരുന്ന പി.ബി നായരുടെ നാമധേയത്തിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി തയാറാക്കിയത്. അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ മറ്റു വിദ്യാര്‍ഥികള്‍ക്ക് കൂടി ലൈബ്രറിയില്‍ റഫന്‍സ് സൗകര്യമൊരുക്കും. ഡല്‍ഹിയിലും തിരുവനന്തപുരത്തും ഉള്ളത് പോലെ മലബാറിലും സിവില്‍ സര്‍വീസ് ഇക്കോ സിസ്റ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും, താല്‍പ്പര്യവും പഠനമികവുമുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ മാത്രം സിവില്‍ സര്‍വീസ് രംഗം അപ്രാപ്യമായിരുന്ന കുട്ടികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു അക്കാദമി മലബാറില്‍ ആരംഭിക്കുന്നതെന്ന് നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. മുദ്ര എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍, ഫൈസല്‍ ആന്റ് ശബാന ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു.

Test User: