X
    Categories: keralaNews

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ : 2 വോട്ടുപെട്ടികളില്‍ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പില്ലെന്ന് ഹൈക്കോടതി കണ്ടെത്തി

കൊച്ചി: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ തപാല്‍ സാമഗ്രികള്‍ തുറന്ന് പരിശോധിച്ച് ഹൈക്കോടതി. സ്‌പെഷ്യല്‍ തപാല്‍ വോട്ടുപെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിങ് ഓഫീസറുടെ ഉള്‍പ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ചാണ് പെട്ടിയിലാക്കി കൊണ്ടുവന്നതെന്നും, ഇത്തരം സംഭവങ്ങള്‍ തിരഞ്ഞെടുപ്പിലെ അപചയത്തിന്റെ സൂചനയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തപാല്‍ വോട്ടുപെട്ടികളില്‍ അട്ടിമറി സംഭവിച്ചിട്ടുണ്ടെന്ന നജീബ് കാന്തപുരം എംഎല്‍എയുടെ വാദങ്ങളെ ശരിവയ്ക്കുന്ന കണ്ടെത്തലാണിത്. തുറന്ന പെട്ടികള്‍ ഹൈക്കോടതി വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി.
വോട്ടുപെട്ടികള്‍ കാണാതായ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കേസിന്റെ ഭാഗമായി തപാല്‍ വോട്ട് ഉള്ള പെട്ടികള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിനായി സ്‌ട്രോങ്ങ് റൂം തുറന്നപ്പോഴാണ് തപാല്‍ വോട്ട് പെട്ടികളില്‍ ഒന്ന് കാണാനില്ലെന്നു വ്യക്തമായത്. പിന്നീട് പെട്ടി സഹകരണ ജോയിന്‍ രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തിയിരുന്നു. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുന്ന ബാലറ്റ് ബോക്‌സുകള്‍ കാണാതായതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേബിളില്‍ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്.
ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികള്‍ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നല്‍കിയ സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോക്‌സിന്റെ വലിപ്പമടക്കം വിശദമായ റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ സമര്‍പ്പിച്ചത്.

Chandrika Web: