തൃശൂര്‍: ഷട്ടര്‍ അടക്കാനാവാത്തതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. ഡാമിലെ വെള്ളത്തിന്റെ ഏറെ പങ്കും ഒഴുകിപോയതിനെത്തുടര്‍ന്നാണ് ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണം. നിലവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്തു മാത്രമാണ് വെള്ളമുള്ളത്. സ്ലൂയിസ് ഗേറ്റുകള്‍ അടച്ചിട്ടുണ്ടെങ്കിലും അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്നു.
ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ നിഗമനം. മോട്ടറുകളും യന്ത്രച്ചക്രങ്ങളും അഴിച്ചു പണിയേണ്ടതുണ്ട്.
ഏഴു ഷട്ടറുകളില്‍ ഒരെണ്ണം മാത്രം നിലവില്‍ ഭാഗികമായി അടച്ചു.
പ്രളയത്തെത്തുടര്‍ന്ന് കടപുഴകിയ പതിനഞ്ച് കൂറ്റന്‍ മരങ്ങളാണ് ഷട്ടറുകളില്‍ വന്നടിഞ്ഞത്. ഈറ്റയും മുളകും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മുളകള്‍ നീക്കി കഴിഞ്ഞാല്‍ മാത്രമേ ഷട്ടറുകളുടെ അറ്റകുറ്റ പണി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഒരാഴ്ചക്കുള്ളില്‍ മുള പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് ആഗസ്ത് 14ന് പരമാവധി ശേഷിയായ 424 മീറ്ററില്‍ എത്തിയതിനെത്തുടര്‍ന്നാണ് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകള്‍ 3.6 മീറ്റര്‍ വീതവും രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ 5.1 മീറ്റര്‍ വീതവും ഉയര്‍ത്തി. മഴ ശമിക്കാത്തതിനെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന് ആഗസ്ത് 16ന് ഡാം കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.