തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്കായി ജില്ലാടിസ്ഥാനത്തില്‍ സമഗ്രമായ പദ്ധതി തയാറാക്കാന്‍ ജില്ലാ ആസൂത്രണസമിതികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിക്ക് ഒപ്പം ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ കൂടി ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ആസൂത്രണ ബോര്‍ഡിന്റെ ഉപദേശാടിസ്ഥാനത്താലകണം പദ്ധതി നടപ്പാക്കേണ്ടത്.
സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികള്‍ സംബന്ധിച്ച തദ്ദേശസ്ഥാപനങ്ങള്‍ സംസ്ഥാനതലസമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. മിക്ക തദ്ദേശസ്ഥാപനങ്ങളും കേരള വാട്ടര്‍ അതോറിട്ടി, കെ.എസ്.ഇ.ബി, ഭൂജലവകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ക്ക് പദ്ധതികള്‍ നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ തുക നല്‍കിയിട്ടുണ്ട്. ഇവയില്‍ പലയിടത്തും പ്രോജക്ടുകള്‍ സമയബന്ധിതമായി നടപ്പാക്കാറില്ല. ഇത് സംബന്ധിച്ച ജില്ലതല അവലോകനം നടത്തി നടപടി സ്വീകരിക്കണം. ഓരോ തദ്ദേശസ്ഥാപനങ്ങളും ഇപ്രകാരം എത്ര രൂപ നല്‍കി. എത്ര ചെലവഴിച്ചു, പദ്ധതിയുടെ നേട്ടം, ബാക്കിത്തുക എന്നിവ ഡി.പി.സികള്‍ അവലോകനം നടത്തണം. ചെലവിടാത്ത പണം അടിയന്തരമായി ചെലവിടണം. അല്ലെങ്കില്‍ സര്‍ക്കാറിലേക്ക് മടക്കി നല്‍കണം.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ എന്നിവര്‍ വിവരങ്ങള്‍ തയാറാക്കി ജില്ലാ ആസൂത്രണസമിതിക്ക് നല്‍കണം. ജില്ലാ പഞ്ചായത്തിന്റെയും നഗരസഭകളുടെയും വിവരങ്ങള്‍ സെക്രട്ടറിമാര്‍ ഡി.പി.സിക്ക് നേരിട്ട് നല്‍കണം.