പേരാമ്പ്ര: നിപ്പ വൈറസ് ബാധയേറ്റ് മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആശങ്ക നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ഇന്നലെ കന്നുകാലിച്ചന്ത നടന്നില്ല. കാലാകാലങ്ങളായി എല്ലാ ഞായറാഴ്ചയും ചെമ്പ്ര റോഡിനു സമീപം നടന്നു വരുന്ന ചന്തയാണ് മുടങ്ങിയത്. ദൂരദിക്കുകളില്‍ നിന്ന് വില്‍പനക്ക് പുലര്‍ച്ചെ കന്നുകാലികളുമായി എത്തുന്നവരാരും ഇന്നലെ വന്നില്ല. കോഴിച്ചന്തയില്‍ നാടന്‍ കോഴികളുടെ വരവ് നന്നെ കുറഞ്ഞു. നഗരത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ്. കുറച്ചു കടകള്‍ മാത്രമെ തുറന്നിട്ടുള്ളു. ഇവിടെ വ്യാപാരം പേരിനു മാത്രം. കടകളില്‍ ജോലി ചെയ്യുന്ന പീടികത്തൊഴിലാളികള്‍ പണിയില്ലാതെ ദുരിതം പേറുന്നു. വഴിയോര കച്ചവടക്കാര്‍ പട്ടിണിയിലേക്ക് തള്ളപ്പെടുന്നു. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓട്ടോ, ടാക്‌സി ജീവനക്കാരുടെ സ്ഥിതിയും ഭിന്നമല്ല. പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ഒരാഴ്ചയോളമായി ആളൊഴിഞ്ഞിട്ട്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പേരാമ്പ്രയില്‍ വന്നിട്ടും ആസ്പത്രിയിലേക്ക് തിരിഞ്ഞു നോക്കാത്തത് പ്രതിഷേധത്തിനിടയാക്കി. നിപ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ ഭീതി പരത്തുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. ആശങ്ക ഒഴിവാക്കാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങളിലെ ഭീതിക്ക് ഇനിയും അറുതി വന്നിട്ടില്ല.
അതേസമയം നിപ്പ വൈറസ് ബാധക്ക് തുടക്കം കുറിച്ച ചങ്ങരോത്ത് സൂപ്പിക്കടയില്‍ പരിസ്ഥിതി പഠനത്തിനും വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനുമായി ഇന്നലെ പുതിയൊരു കേന്ദ്ര സംഘം വീണ്ടും എത്തി. രോഗത്തിന് തുടക്കം കുറിക്കുകയും മൂന്ന് മരണങ്ങള്‍ നടക്കുകയും ചെയ്ത വളച്ചുകെട്ടി മൂസ മുസ്‌ല്യാരുടെ വീട്, അമ്പാറ്റയിലെ വീട്, പരിസര പ്രദേശങ്ങള്‍, വവ്വാലുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
എന്‍.സി.ഡി.സി ഡയരക്ടര്‍ ഡോ. സംഗല്‍ കൂല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ.അംഗുര്‍ ഗാര്‍ങ്, ഡോ. സുനിത്ത്(എന്‍ ഐ വി), ഡോ. അജിത് ജിയേ(റാം മനോഹര്‍ ലോഹ്യ ആസ്പത്രി), ഡോ. ആര്‍. രാജേന്ദ്രന്‍( എന്‍ സി ഡി സി കോഴിക്കോട് റീജ്യന്‍) എന്നിവരാണ് ഉണ്ടായിരുന്നത്. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി. വിജയന്‍ , മെമ്പര്‍മാരായ ഇ.ടി. സരീഷ്, കെ.പി. ജയേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം. രാജന്‍, ജെ എച്ച് ഐ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.