പേരാമ്പ്ര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെ.ട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ത്തു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് (വെള്ളി) വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മന്‍ ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയില്‍ നിന്ന് എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ എസ്.ഡി.പി.ഐ പ്രകടനവുമുണ്ടായി.
ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തത്തക്കാടന്‍ നേതൃത്വം നല്‍കി.