ന്യൂഡല്‍ഹി: ഗുജറാത്തിലെ നാല് ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പെപ്‌സികോ പിന്‍വലിച്ചു. ലെയ്‌സ് ബഹിഷ്‌കരണാഹ്വാനവും പെപ്‌സികോ ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധവും ഒത്തുതീര്‍പ്പിന് വരെ തയ്യാറായെത്തിയിട്ടും അവസാനിക്കുന്നില്ലെന്ന് കണ്ടതോടെയാണ് ഹര്‍ജി പിന്‍വലിച്ച് തടിയൂരാനുള്ള പെപ്‌സികോ ശ്രമം. ജൂണ്‍ 12ന് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് പിന്‍വലിക്കുന്നതായി പെപ്‌സികോ അറിയിച്ചിരിക്കുന്നത്
കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചക്കൊടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായി എന്നാണ് പെപ്‌സികോയുടെ ഇന്ത്യയിലെ വക്താവിന്റെ പ്രതികരണം. ലെയ്‌സ് ചിപ്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എഫ്‌സി5 ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചുവെന്ന് കാണിച്ചാണ് കര്‍ഷകര്‍ക്കെതിരെ 1.5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കുത്തക കമ്പനി കോടതിയെ സമീപിച്ചത്. എന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ക്കെതിരായ ആഗോള കുത്തകയുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയായിരുന്നു. പെപ്‌സി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതോടെയാണ് കമ്പനി കേസുമായി മുന്നോട്ട് പോവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്.