X

വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെയുള്ള ജനവിധി: യൂത്ത് ലീഗ്

കോഴിക്കോട് : ലോക്സഭാ തെരഞ്ഞടുപ്പിൽ വിദ്വേഷ – ദുർഭരണങ്ങൾക്കെതിരെയുള്ള ജനവിധിയാണുണ്ടായതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ പോലും പിച്ചിച്ചീന്തി വെറുപ്പിൻ്റെ പ്രചാരകരായി മാറുകയായിരുന്നു കേന്ദ്ര സർക്കാർ .

പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ജനസമക്ഷം അവതരിപ്പിക്കാൻ ഇല്ലാത്തതിനാൽ വർഗ്ഗീയ പ്രചരണത്തിനാണ് കേന്ദ്ര സർക്കാർ നേതൃത്വം നൽകിയത്.കേന്ദ്ര സർക്കാറിനോട് ചേർന്ന് നിന്ന് ജനവിരുദ്ധ ഭരണത്തിനാണ് കേരള സർക്കാറും ശ്രമിച്ചത്.പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ അനേകായിരം ചെറുപ്പക്കാരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞവർക്കെതിരെയുള്ള ശക്തമായ യുവജന വികാരമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചത്.

കോർപ്പറേറ്റ് ഭീമൻമാർക്ക് വളർന്ന് പന്തലിക്കാൻ അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ മൽസരിച്ചപ്പോൾ പാവപ്പെട്ട നിരവധി കർഷകർ ഈ ഭരണകാലത്ത് ആത്മഹത്യ ചെയ്തു.രാജ്യത്തിൻ്റെ സമ്പത്തായ യുവജനങ്ങളെ കബളിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്.

എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നും രാജ്യം കാത്ത് പുലർത്തിയ മതേതര ജനാധിപത്യ തത്വങ്ങളെ ചവിട്ടിമെതിക്കുന്നവർക്കെതിരെ ശക്തമായി നിലകൊള്ളുമെന്നുമാണ് യുവ സമൂഹം ഈ തെരഞ്ഞെടുപ്പിലൂടെ പ്രഖ്യാപിച്ചത്.അധികാര ദുർവിനിയോഗം നടത്തി പ്രചാരണ കോലാഹലങ്ങൾ നടത്തിയിട്ടും കേന്ദ്ര – കേരള സർക്കാറുകളുടെ കള്ള പ്രചരണങ്ങളെ തിരിച്ചറിഞ്ഞ് വോട്ട് ചെയ്ത വോട്ടർമാരെ യൂത്ത് ലീഗ് അഭിനന്ദിക്കുന്നുവെന്നും നേതാക്കൾ അറിയിച്ചു.

webdesk13: